ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാതല ശില്‍പശാല ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ശില്‍പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീബ അസീസ് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.കെ. ജയപ്രകാശ് പദ്ധതി രേഖ അവതരിപ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡി.ജെ. സതീഷ്, കോട്ടക്കല്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പാറോളി റംല, എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി അംഗം ഡോ. എ.കെ. അനില്‍കുമാര്‍, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ കെ. മുഹമ്മദ് ഷരീഫ്, മലപ്പുറം സീനിയര്‍ ഡയറ്റ് ഫാക്കല്‍റ്റി പി.വി. സ്മിത, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ അബ്ദുസലീം, വിദ്യാകിരണം കോഡിനേറ്റര്‍ എസ്.എസ്.കെ-ഡി.പി.ഒ സുരേഷ് കൊളശ്ശേരി, ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ ഇസഹാഖ് കാലടി, ജി.ആര്‍.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.പി. മജീദ്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ വി.പി. ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.
പാഠ്യ പദ്ധതി പൊതു സമീപനം, ഭാഷാ സാഹിത്യം, ഭരണഘടന മൂല്യങ്ങള്‍, സാമൂഹ്യശാസ്ത്രം, ശാസ്ത്രം- ഗണിതം, കലാകായിക വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ പ്രയോഗം, വിലയിരുത്തല്‍ എന്നീ എട്ടു മേഖലകളുടെ അവതരണവും ക്രോഡീകരണവും ശില്‍ലശാലയില്‍ നടന്നു. സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി തയാറാക്കിയ ചര്‍ച്ചാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എട്ടു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചയും നടന്നു.
മെറിറ്റോക്രസിയുടെ കാലം അവസാനിക്കുകയും മനോഭാവവും നൈപുണ്യവും പ്രധാനമാവുകയും ചെയ്യുമ്പോള്‍ കുട്ടി സന്ദര്‍ഭത്തിനനുസൃതമായ അറിവിനെ തിരിച്ചറിവാക്കി മാറ്റിയാല്‍ മാത്രമേ വിജ്ഞാന സമൂഹത്തില്‍ അതിജീവിക്കൂ എന്നും വിനിമയ രീതിയിലും വിലയിരുത്തലിലും കാലാനുസൃതമാറ്റം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.