കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മറ്റു പദ്ധതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന രീതിയിൽ, പദ്ധതി ആരംഭിക്കുന്നതിന് മുൻപ് സമഗ്രമായ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തി വരികയാണ്.
പഠനത്തിന്റെ ഭാഗമായി, പരിസര പ്രദേശങ്ങളിലെ കിണറുകളുടെ വെള്ളത്തിന്റെ ഗുണനിലവാര മൂല്യനിർണയം, വായു ഗുണനിലവാരം വിലയിരുത്താൻ എയർ ക്വാളിറ്റി അനലൈസർ, ശബ്ദനില അളക്കാൻ സൗണ്ട് ലെവൽ മീറ്റർ എന്നിവ ഉപയോഗിച്ച് ശാസ്ത്രീയമായ പരിശോധനകൾ നടത്തി. വായുവിന്റെയും ശബ്ദത്തിന്റെയും ഗുണനിലവാരം തുടർച്ചയായ 24 മണിക്കൂർ നിരീക്ഷിച്ചാണ് വിലയിരുത്തിയത്.
ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ഡബ്ല്യു.എം.പി. പദ്ധതിയുടെ ഭാഗമായി, എം.സി.എഫ്. പുനരുദ്ധാരണത്തിനായി 1.25 കോടി രൂപയുടെ ഡി.പി.ആർ. തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 64 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ ചുറ്റുമതിൽ നിർമ്മാണം, ഇന്റർലോക്കിംഗ്, ലോഡിങ്–അൺലോഡിങ് ഏരിയ, ഹരിതകർമ്മസേനയ്ക്കുള്ള ഓഫീസ്, റെസ്റ്റ്റൂം, മേസനയൻ ഫ്ലോർ, ടർബൈനോടുകൂടിയ സാൻവിച്ച് റൂഫ്, പുതിയ ഗേറ്റ്, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ ജോലികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ സിസിടിവി, ഫയർ സിസ്റ്റം, മഴവെള്ള ശേഖരണ സംവിധാനം, മെഷിനറി വാങ്ങൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കും.
പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന പരിപാടി നഗരസഭാ ചെയർപേഴ്സൺ ഡോ. ഹനീഷ, വൈസ് ചെയർമാൻ സി. മുഹമ്മദലി, സ്ഥിരം സമിതി ചെയർമാൻമാരായ പി.ടി. അബ്ദു, ആലമ്പാട്ടിൽ റസാക്ക്, കൗൺസിലർമാരായ ഫഹദ്, സി. മൊയ്തീൻകുട്ടി, എൻജിനീയർ നസീഫ് റഹ്മാൻ, കോൺട്രാക്ട് കൈകാര്യം ചെയ്യുന്ന സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു.