കണ്ണമംഗലത്ത് അമീബിക് മസ്തിഷ്കജ്വരം; മുൻകരുതൽ വേണമെന്ന് ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡ് കാപ്പിൽ കിളിനക്കോട് ഭാഗത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തു. 52 വയസ്സുള്ള സ്ത്രീക്കാണ് രണ്ടുദിവസംമുൻപ് രോഗം സ്ഥിരീകരിച്ചത്. ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ ഇവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വളരെ അപൂർവമായതും മാരകമായേക്കാവുന്നതുമായ ഒരു രോഗമാണിത്. ഇത് തലച്ചോറിനെയും സുഷുമ്നാ നാഡിയെയുമാണ് ബാധിക്കുന്നത്. രോഗബാധിതയായ സ്ത്രീ സ്ഥിരമായി കുളിച്ചിരുന്നത് തൊട്ടടുത്ത തോട്ടിലെ വെള്ളത്തിലായിരുന്നു.

പ്രധാനമായും ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുമ്പോൾ, മൂക്കിലൂടെയോ ചെവിയിലൂടേയോ അമീബ ശരീരത്തിൽ പ്രവേശിക്കുന്നതാണ് രോഗത്തിന് കാരണം.

കഠിനമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്തുവേദന, കാഴ്ചക്കുറവ്, അപസ്മാരം, അബോധാവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിൽ ആറാം വാർഡിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഈ വാർഡിലെ തോടുകൾ, കുളങ്ങൾ എന്നിവയിൽ ഇറങ്ങുന്നതും കുളിക്കുന്നതും നീന്തുന്നതും അലക്കുന്നതും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കർശനമായി നിരോധിച്ചതായി ഗ്രാമപ്പഞ്ചായത്തധികൃതർ അറിയിച്ചു.

വാർഡിലെ ഇരുനൂറോളം വീടുകളിൽ പനിപരിശോധന നടത്തിയതായി എച്ച്ഐ എം.എൻ. രജിത്കുമാർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}