കൊണ്ടോട്ടി: വർഗീയത പറയാതിരിക്കലാണ് മാന്യത എന്ന വസ്തുതയിൽ നിന്ന് പറയാതെ പറ്റില്ലെന്ന മനോഭാവത്തിലേക്ക് വാർത്താ മാധ്യമങ്ങൾ മാറിയിരിക്കുന്നുവെന്ന് എൻ പി ഉല്ലേഖ്. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സാഹിത്യോത്സവ് സമാപനവേദിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തിച്ചർച്ചകളെ നിയന്ത്രിക്കുന്ന അവതാരകരെ ഏങ്കേഴ്സെന്നാണ് വിളിക്കുന്നത്. ആ പേരിന് നങ്കൂരം എന്ന അർഥം കൂടെയുണ്ട്. അവർ ചർച്ചയെ നിയന്ത്രിക്കേണ്ടവരാണ്. എന്നാൽ, കഴിഞ്ഞ ദശകങ്ങളിലായി അവർ പ്രകോപനപരമായി മാത്രമാണ് പെരുമാറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമങ്ങൾ മുമ്പ് നാണക്കേടും അപാമാനവുമായി കണക്കാക്കിയിരുന്ന പല സാമൂഹ്യ പരിസ്ഥിതികളെയും ഇന്ന് വലിയ നേട്ടങ്ങളായാണ് കൊണ്ടാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊണ്ടോട്ടിയിൽ വെള്ളിയാഴ്ച ആരംഭിച്ച സാഹിത്യോത്സവ് ഞായറാഴ്ച സമാപിച്ചു. പോയിൻ്റുകൾ നേടി പുളിക്കൽ ഡിവിഷൻ ജേതാക്കളായി. കൊണ്ടോട്ടി, അരീക്കോട് ഡിവിഷനുകൾ യഥാക്രമം 2 , 3 സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച കൊണ്ടോട്ടി ഡിവിഷനിലെ മുഹമ്മദ് ഫർഹാനെ കലാപ്രതിഭയായും സീനിയർ വിഭാഗത്തിൽ മത്സരിച്ച യാസീൻ റസയെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു.
സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ച കഥാബുക്ക് സാംസ്കാരിക വേദിയിൽ വ്യത്യസ്ത പഠനസെഷനുകൾ നടന്നു. ചർച്ചകളിൽ കെ ജെ ജേക്കബ്, കെ സി സുബിൻ, പ്രദീപ് പേരശ്ശനൂർ, ഫൈസൽ എളേറ്റിൽ, ഡോ. ടി അബൂബക്കർ, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, ഡോ. എൻ എസ് അബ്ദുൽ ഹമീദ്, പി ടി മുഹമ്മദ്, കബീർ മുതുപറമ്പ്, അഡ്വ. ഇ കെ അൻഷിദ്, മുനവ്വിർ, സയ്യിദ് ഹാശിം സഖാഫി , ഡോ. അബ്ദുറഹ്മാൻ ഹികമി, അശ്റഫ് പുന്നത്ത്, റശീദ് മോങ്ങം, നൂറുദ്ദീൻ മുസ്തഫ സംബന്ധിച്ചു.
സമാപനസംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ ശിഹാബുദ്ദീൻ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അനുമോദന പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് ശരീഫ് നിസാമി, സി കെ ശക്കീർ അരിമ്പ്ര, ഫൈസൽ ബുഖാരി വാഴയൂർ, അനസ് കാരിപറമ്പ്, സി എ അഹ്മദ് റാസി സംബന്ധിച്ചു.
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ പുളിക്കൽ ഡിവിഷന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉല്ലേഖ് എൻ പി ട്രോഫി സമ്മാനിക്കുന്നു.