കോട്ടയ്ക്കൽ: ‘ഞങ്ങൾ കഠിനാധ്വാനം ചെയ്യാം. പക്ഷേ, സർക്കാരിന്റെ സഹായംകൂടി വേണം. ഇനിയിത് പൂട്ടിയിടേണ്ടിവന്നാൽ ഞങ്ങളുടെ പ്രതീക്ഷകൾ തകരും...’, 20 മാസമായി ലേ ഓഫിലായിരുന്ന എടരിക്കോട് ടെക്സ്െറ്റെൽസ് വീണ്ടും തുറന്നപ്പോൾ ജീവനക്കാർ ഒറ്റക്കെട്ടായി പറഞ്ഞതാണിത്. അസ്തമിച്ചുപോയ പ്രതീക്ഷകൾ തിരികെപ്പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണിവർ. 243 തൊഴിലാളികൾക്ക് അന്നമായിരുന്ന സ്ഥാപനം പ്രതിസന്ധികളിൽ പലതവണയാണ് അടച്ചുപൂട്ടേണ്ടിവന്നത്. 2023 ഡിസംബറിലാണ് അവസാനം അടച്ചത്. ഇപ്പോൾ 96 സ്ഥിരം ജീവനക്കാരും 20 താത്കാലിക ജീവനക്കാരും ഇവിടെയുണ്ട്.
സ്ഥാപനം പ്രവർത്തിക്കാതിരുന്ന മാസങ്ങളിൽ ജീവിതം മുന്നോട്ടുനീക്കാൻ ചിലർ ചെറിയ ജോലികൾക്ക് പോയി. മറ്റുചിലർക്ക് ഈ തൊഴിലല്ലാതെ മറ്റൊന്നും വഴങ്ങിയുമില്ല. 50 വർഷത്തിലധികമായി ഇവിടെ ജോലിചെയ്യുന്നവരുണ്ട്.
ആകെ ഒരു മാസത്തെ ലേ ഓഫ് വേതനം മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇനി 19 മാസത്തേ ലേ ഒാഫ് വേതനവും 2023 നവംബർ, ഡിസംബർ മാസങ്ങളിലെ ശമ്പളത്തിൽ 50 ശതമാനം കുടിശ്ശികയും കിട്ടാനുണ്ട്. 2017 മുതൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നുമില്ല. ഇഎസ്ഐ, പിഎഫ് എല്ലാം മുടങ്ങിക്കിടക്കുന്നു.
തിരികെപ്പിടിക്കാൻ ഈ വഴികൾ
പഴയ യന്ത്രങ്ങൾ വിറ്റാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സ്വകാര്യ സ്പിന്നിങ് മില്ലായ ശ്രീ മുരുഗറുമായി തൊഴിൽ കാരാറുണ്ടാക്കിയാണ് ഇനി പ്രവർത്തനം നടത്തുക. ഇവർ പരുത്തിയുൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ സ്ഥാപനത്തിനു നൽകും. ഇതിൽനിന്ന് ഇവിടെ ഉത്പാദിപ്പിക്കുന്ന നൂൽ ഇവർക്ക് തിരിച്ചുനൽകാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിലെ ലാഭത്തിൽനിന്ന് തൊഴിലാളികൾക്ക് ശമ്പളം നൽകാനും വൈദ്യുതി ബിൽ അടയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂണിറ്റ് മാനേജർ പി. സാജിദ് അബ്ബാസ് പറയുന്നു.
സ്ഥാപനത്തിന് സ്വന്തമായി 20 ഏക്കറോളം സ്ഥലമുണ്ട്. എന്നാൽ ഇതിൽ അഞ്ച് ഏക്കർ മാത്രമേ ഇവിടുത്തെ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ളൂ. ബാക്കിവരുന്ന സ്ഥലം വൃത്തിയാക്കി ചെറുകിട സംരംഭകർക്ക് പാട്ടത്തിനുകൊടുക്കാനും സർക്കാർ ആലോചനയുണ്ട്. കെഎസ്ഐഡിസി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ) ഇതുസംബന്ധിച്ച തീരുമാനമെടുക്കും.
എട്ടു കോടിയോളം രൂപയാണ് എടരിക്കോട് ടെക്‌സ്‌റ്റെയിൽസിൽ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് നൽകാനുള്ളതെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. സമാന്തരമായ മാർഗങ്ങളിലൂടെ സ്ഥാപനത്തിനെ പിടിച്ചുനിർത്താനും കുടിശ്ശികകൾ തീർത്ത് ടെക്സ്റ്റൈൽസിന് പ്രവർത്തിക്കാനും കഴിയുമെന്നാണ് വിശ്വസിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയും നഷ്ടവും പരിഗണിക്കാതെ ഇപ്പോൾ വീണ്ടും തുറന്നത് തൊഴിലാളികളുടെ സമ്മർദ്ദംകൊണ്ടാണ്.