കൊണ്ടോട്ടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വീട്ടിലെത്തി കണ്ട് പ്രിയങ്കാഗാന്ധി.
ഞായറാഴ്‌ച വൈകീട്ട് 5.10-ന് മുതുവല്ലൂർ മുണ്ടിലാക്കലിലെ വീട്ടിലെത്തിയ പ്രിയങ്ക അരമണിക്കൂറോളം ചെലവഴിച്ചു. കുട്ടികൾ പൂക്കൾ നൽകി പ്രിയങ്കയെ സ്വീകരിച്ചു.
സൗഹൃദസന്ദർശനമായിരുന്നെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗണനയും അക്രമവും ജിഫ്രി തങ്ങൾ പ്രിയങ്കാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മൗലികാവകാശ ലംഘനങ്ങൾ, ബുൾഡോസർ രാജ്, ഭരണകർത്താക്കളുടെ ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങൾ തുടങ്ങിയ നീതിനിഷേധത്തിലൂടെ മുസ്‌ലിങ്ങൾ അനീതിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും വോട്ടർപട്ടിക തീവ്രപരിഷ്‌കരണ നടപടികൾ ഉപേക്ഷിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തിറങ്ങണമെന്നും തങ്ങൾ അഭ്യർഥിച്ചു. കോൺഗ്രസിന്റെ സംഘടനാസ്ഥാനങ്ങളിലും സ്ഥാനാർഥിനിർണയത്തിലും മുസ്‍ലിങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരേയും അവഗണിച്ച് മുന്നോട്ടുപോകാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളുടെയും സമാധാനപരമായ ജീവിതത്തിനും അവകാശസംരക്ഷണത്തിനുമായി കോൺഗ്രസ് മുന്നിൽനിൽക്കുമെന്നും പ്രിയങ്കാഗാന്ധി അറിയിച്ചതായി തങ്ങൾ പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, അജേഷ് എടാലത്ത് എന്നിവരും പ്രിയങ്കയോടൊപ്പമുണ്ടായിരുന്നു.