വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ കരട് രൂപരേഖ എം എൽ എ യുമായും ജനപ്രതിനിധികളുമായും പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം,പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി. രൂപ രേഖയുമായി സ്ഥലം ഒത്തുനോക്കുന്ന നടപടികളും പൂർത്തീകരിച്ചു.
നിർദ്ദിഷ്ട ഏരിയയിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി അതിർത്തി നിർണയിക്കാനും തീരുമാനമായി. ഏകദേശം 200 കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത് പദ്ധതിക്ക് അടുത്ത ബജറ്റിൽ ഫണ്ട് വകയിരുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു.
ജില്ലയിലെ പ്രധാന പാതകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡ് കടന്നു പോകുന്ന വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് യാത്രക്കാർക്കും, വിദ്യാർത്ഥികൾക്കും, രോഗികൾക്കും, കച്ചവടക്കാർക്കും വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
ഇതിന് ശാശ്വത പരിഹാരമായിട്ടാണ് വേങ്ങര എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി ഫ്ലൈ ഓവർ നിർദേശിക്കുന്നത്.
വേങ്ങരയിലെ ഗതാഗതകുരുക്കിന് പരിഹാരമായി
നേരത്തെ ബൈപാസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയായിരുന്നു. അതെ സമയം വലിയ പ്രതിസന്ധികൾ മറികടന്ന് നിർദിഷ്ട ബൈപാസ് വന്നാൽ പോലും
ടൗണിലെ ഗതാഗതക്കുരുക്കിന് പൂർണ പരിഹാരമാകില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദേശിച്ചത്.
2022-23 വർഷത്തെ ബജറ്റിൽ എം എൽ എ യുടെ നിർദേശ പ്രകാരം പ്രസ്തുത പദ്ധതി ഉൾപ്പെടുത്തുകയും ചെയ്തു.
നിരന്തരമായ ഇടപെടലിന്റെ ഫലമായി പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനമായ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് 18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം ഡിസൈൻ വിങ്ങിന് കൈമാറുകയും അതനുസരിച്ചുള്ള ഫ്ലൈ ഓവറിന്റെ കരട് രൂപ രേഖയാണ് തയ്യാറായിട്ടുള്ളത്. പ്രസ്തുത രൂപ രേഖ നിർദിഷ്ട സൈറ്റുമായി ഒത്തു നോക്കുന്ന നടപടികൾ കൂടി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് ഡിസൈൻ വിങ്ങും, പ്രൊജക്ട് പ്ലാനിങ് യൂണിറ്റും, പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗവും സംയുക്തമായി ചേർന്ന് ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും. തുടർ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു.
ഫ്ലൈ ഓവറിന് താഴെ വരുന്ന മുഴുവൻ ജംഗ്ഷനുകളിലും വാഹനങ്ങൾക്ക് കടന്ന് പോകാൻ കൂടുതൽ സൗകര്യപ്പെടുന്ന തരത്തിൽ ജങ്ഷനുകൾ നവീകരിക്കുന്നതിനും അനുബന്ധമായി പ്രോജക്റ്റ് തയ്യാറാക്കുന്നുണ്ട്.
എം എൽ എ യുടെ സാന്നിധ്യത്തിൽ കരട് രൂപ രേഖയുടെ ആലോചന യോഗത്തിലും ,സ്ഥലം ഒത്തു നോക്കൽ നടപടികളിലും ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ,വാർഡ് മെമ്പർ പി പി സൈദലവി, പി കെ അസ്ലു, പറമ്പിൽ അബ്ദുൽ കാദർ പൊതുമരാമത്ത് ബ്രിഡ്ജ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ കണ്ണൻ, ബ്രിഡ്ജ്സ് വിഭാഗം ( തിരൂർ) അസിസ്റ്റന്റ് എഞ്ചിനീയർ ധീരജ് കുമാർ, ബ്രിഡ്ജ്സ് വിഭാഗം ഓവർസിയർ ലിജു എന്നിവർ പങ്കെടുത്തു.