മലപ്പുറം: മാനവസ്നേഹവും ഐശ്വര്യവും പങ്കിടുന്ന ഓണത്തിന് ഇത്തവണയും അവർ പതിവുതെറ്റിച്ചില്ല, പാണക്കാട് സാദിഖലി തങ്ങളെ കാണാൻ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ പ്രതിനിധികളെത്തി. ശിവദാസൻ കിഴക്കേപ്പാട്ട്, ശശിരാജൻ പനയങ്ങാട്, ഗോപിനാഥൻ, ചന്ദ്രൻ പുല്ലുതൊടി എന്നിവരാണ് പാണക്കാട്ടെത്തിയത്.
ഓണക്കോടിയും ശർക്കരവരട്ടിയും പായസവും വൃക്ഷത്തൈകളും ഉണ്ണിയപ്പവും ഓണസന്ദേശവും ഇവർ സാദിഖലി തങ്ങൾക്ക് കൈമാറി. കഴിഞ്ഞവർഷം നൽകിയ ഒലീവുമരത്തിന് പകരം ഇത്തവണ ചന്ദനത്തൈയായിരുന്നു നൽകിയത്. കേരളത്തിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന് തങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് തന്ത്രിയുടെ ആശംസാസന്ദേശത്തിൽ പ്രത്യേക പരാമർശവുമുണ്ടായി. തരണനല്ലൂർ തന്ത്രി കുടുംബാംഗമായ ഉണ്ണി നമ്പൂതിരിക്ക് കേരളത്തിൽ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികാവകാശമുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ഷേത്രനവീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും പാണക്കാട് കുടുംബവും പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ് എംപി, കെ.പി. സുലൈമാൻ ഹാജി, വി.കെ.എം. അഷ്‌റഫ് ഉൾപ്പെടെയുള്ളവർ പിന്തുണ നൽകിയിരുന്നു. ക്ഷേത്ര നവീകരണച്ചടങ്ങുകളിൽ തന്ത്രിക്കൊപ്പം തങ്ങൾ ഉൾപ്പെടെയുള്ള ആത്മീയ നേതാക്കൾ പങ്കെടുത്തിട്ടുണ്ട്.