വേങ്ങരയിലെ തൊഴിലുറപ്പുതൊഴിലാളിക്കെതിരേ പഞ്ചായത്തംഗം നൽകിയ പരാതി തള്ളി ഓംബുഡ്‌സ്‌മാൻ

മലപ്പുറം : വേങ്ങര പഞ്ചായത്തിലെ തൊഴിലുറപ്പുതൊഴിലാളിയായ സ്ത്രീയുടെ പേരിൽ വാർഡംഗം നൽകിയ പരാതി തള്ളി ഓംബുഡ്‌സ്‌മാൻ. അഞ്ചാംവാർഡിലെ എൻ. ബിന്ദുവിന്റെ പേരിലാണ് വാർഡംഗം ടി.ടി. അബ്ദുൾകരീം പരാതി നൽകിയത്. പരാതിക്കാരനെതിരേ രൂക്ഷമായ പരാമർശവും ഓംബുഡ്‌സ്‌മാൻ നടത്തി.

2017-18, 2019-20 വർഷങ്ങളിൽ വേങ്ങര മൃഗാശുപത്രിയിൽ പാർട്ട്‌ടൈം ആയി ജോലിചെയ്ത് ശമ്പളം വാങ്ങുമ്പോൾത്തന്നെ തൊഴിലുറപ്പുപദ്ധതിയിൽ മേറ്റായി പ്രവർത്തിച്ചുവെന്നായിരുന്നു പരാതി. അതിന്റെ കൂലി കൈപ്പറ്റിയിട്ടുണ്ടെന്നും നടപടിവേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി പരിഗണിച്ച ഓംബുഡ്‌സ്‌മാൻ, വേങ്ങര ഗ്രാമപ്പഞ്ചായത്തിലെയും മൃഗാശുപത്രിയിലെയും കുടുംബശ്രീയിലെയും രേഖകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരെയും കക്ഷികളെയും വിചാരണചെയ്യുകയും ചെയ്ത്‌ പരാതി തീർത്തും അടിസ്ഥാനരഹിതവും വ്യാജവും ആണെന്നു കണ്ടെത്തുകയായിരുന്നു. തെളിവുകളില്ലാതെ ഇത്തരത്തിൽ പരാതി നൽകിയ പഞ്ചായത്തംഗത്തിന്റെ നടപടി നിയമവ്യവസ്ഥകളോടുള്ള അവമതിപ്പായേ കാണാൻ കഴിയൂവെന്നും സ്വന്തം വാർഡിലെ എസ്‌സി വിഭാഗത്തിൽപ്പെട്ട സ്ത്രീക്കെതിരെ പഞ്ചായത്തംഗത്തെ പോലെയുള്ള ഒരാൾ കെട്ടിച്ചമച്ച പരാതി നൽകുന്നത് നാണക്കേടാണെന്നും ഓംബുഡ്‌സ്‌മാൻ നിരീക്ഷിച്ചു.

ജനപ്രതിനിധികൾ വിവേകപൂർണമായി പ്രവർത്തിക്കണമെന്ന് ഓർമ്മിപ്പിക്കേണ്ടിവരുന്നത് ഖേദകരമാണെന്നും ഉത്തരവിൽ ഓംബുഡ്‌സ്‌മാൻ സി. അബ്ദുൽറഷീദ് അഭിപ്രായപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}