കുഞ്ഞുങ്ങൾ വാടകക്കെട്ടിടത്തിൽ : പഴയ അംഗൻവാടി കെട്ടിടം ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ചു മാറ്റിയില്ല

കെട്ടിട വാടകയിനത്തിൽ ഒരു ഭാഗം നൽകുന്നത് അംഗൻവാടി ടീച്ചറുടെ ശമ്പളത്തിൽ നിന്ന്. വൈദ്യുതി ചാർജ് അടക്കുന്നത് ഹെല്പറുടെ വേതനത്തിൽ നിന്ന് 

വേങ്ങര : എഞ്ചിനീയറുടെ പ്രവർത്തന അനുമതി (ഫിറ്റ്നസ്) ലഭിക്കാത്ത അംഗൻവാടിയുടെ പഴയ കെട്ടിടം ഒരുവർഷത്തോളമായിട്ടും പൊളിച്ചു മാറ്റാനായില്ല. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ അംഗത്തും കുണ്ടിൽ പ്രവർത്തിക്കുന്ന എഴുപതാം നമ്പർ അംഗൻവാടിയാണ് സ്വന്തം കെട്ടിടം പ്രവർത്തന യോഗ്യമല്ലാത്തതിനാൽ ഒരു വർഷത്തോളമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നത്. വേങ്ങര സംയോജിത ശിശു വികസന സേവന (ഐ. സി. ഡി. എസ് ) പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ അംഗൻവാടിയിൽ 18 കുഞ്ഞുങ്ങൾ പഠിതാക്കളായി ഉണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ വാടക നൽകാൻ പഞ്ചായത്ത് നൽകുന്ന നാമമാത്രമായ തുക തികയാത്തതിനാൽ രക്ഷിതാക്കളിൽ നിന്നും, ഇവിടുത്തെ ടീച്ചറുടെ ശമ്പളത്തിൽ നിന്നുമൊക്കെയാണ് വാടകയുടെ ബാക്കി തുക നൽകേണ്ടി വരുന്നത്. മാത്രമല്ല, വൈദ്യുതി ബില്ല് അടക്കുന്നത് അംഗൻവാടി ഹെൽപ്പറുടെ നാമമാത്രമായ വേതനത്തിൽ നിന്നെടുത്താണെന്നും അറിയുന്നു. വേങ്ങര ഐ. സി. ഡി. എസിനു കീഴിൽ മിയ്ക്കവാറും അംഗൻവാടികൾക്ക് സ്മാർട്ട് കെട്ടിടങ്ങൾ നിർമ്മിക്കുമ്പോഴും അംഗത്തുംകുണ്ടിലെ ഈ സ്ഥാപനത്തിന്റെ കെട്ടിട നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതർ മുന്നിട്ടിറങ്ങാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്. എന്നാൽ പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ നാലു തവണ ലേലത്തിനു വെച്ചിട്ടും ലേലം ചെയ്തെടുക്കാൻ ആരും എത്താതിരുന്നതാണ് കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയാത്തതിന് കാരണമായി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് അധികൃതർ പറയുന്നത്. വീണ്ടും ഇത് പൊളിച്ചു മാറ്റാൻ ലേലത്തിൽ വെക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പുതിയ കെട്ടിടനിർമ്മാണത്തിനു ടെണ്ടർ വിളിച്ചിട്ടും കരാറുകാർ ടെണ്ടർ എടുക്കാൻ തയ്യാറാവാത്തതും കെട്ടിട നിർമ്മാണം വൈകുന്നതിനു കാരണമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റും ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാനുള്ള സാധ്യത കാണുന്നില്ലെന്നു തദ്ദേശ വാസികൾ പരിഭവിക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}