വേങ്ങര: ഊരകം യാറംപടിയിൽ 1.97 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാർ സ്വദേശി അഖിലേഷ്‌കുമാർ (31) എന്നിവരെയാണ് മലപ്പുറം ഇഇ ആൻഡ് എൻഎസ്എസി എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ജയേഷ്‌കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. യാറംപടിയിൽ ആലിപ്പറമ്പിൽ കോയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിലായിരുന്നു ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇതിൽ ബിനോദ് ലെറ്റ് സമാനമായ നാലോളം കേസിൽ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയാൽ കഞ്ചാവ് വിൽപ്പനയാണ് ഇയാളുടെ പതിവെന്ന് എക്‌സൈസ് പറയുന്നു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ്‌ജയിലിലേക്ക് റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവന്റീവ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. വിനീത്, എം. വിപിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.പി. ധന്യ, എക്‌സൈസ് ഡ്രൈവർ എം. മുഹമ്മദ് നിസാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്