വേങ്ങര: സംസ്ഥാനത്ത് ഐസിഡിഎസ് പ്രസ്ഥാനത്തിന് കരുത്തുപകർന്നത് വേങ്ങര ബ്ലോക്ക് പഞ്ചായത്താണെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ആരോഗ്യരംഗത്ത് കേരളത്തെ മുൻനിരയിലെത്തിക്കാൻ സംസ്ഥാനത്തിന് പിന്തുണ നൽകുന്നത് ഐസിഡിഎസ് ആണ്. ഇതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നൽകുന്ന പിന്തുണ വലുതാണെന്നും അതിനാലാണ് കുട്ടികളുടെ ആരോഗ്യനിലവാരത്തിലും കുറഞ്ഞ ശിശുമരണനിരക്കിലും കേരളം അമേരിക്കയെപോലും പിന്തള്ളി ഒന്നാമതെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഐസിഡിഎസ് ആരംഭിച്ചതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേങ്ങരയിൽ ഐസിഡിഎസ് തുടങ്ങാൻ മുൻകൈയെടുത്ത മുൻ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയെയും അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു. ആദ്യകാല അങ്കണവാടി പ്രവർത്തകരെ മന്ത്രി ആദരിച്ചു.
അധ്യക്ഷനായ പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ അങ്കണവാടി പ്രവർത്തകർക്ക് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, പി.കെ. അസ്‍ലു, കെ.ടി. അലവിക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കൊണ്ടാണത്ത് അബ്ദുൾ റഷീദ്, യു.എം. ഹംസ, വി. സലീമ, കടമ്പോട്ട് മൂസ, സലീന കരുമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികൾ, സംസ്‌കാരിക സമ്മേളനം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവയും ഉണ്ടായി.