കൊളപ്പുറം: കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറം ഭാഗത്ത് സർവീസ് റോഡിന്റെ ഭാഗമായി നിർമിച്ച അഴുക്കുചാലിന്റെ സ്ലാബ് വീണ്ടും തകർന്നു.
അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത മുപ്പതടിയോളം താഴ്ചയിൽ കുറുകെ മുറിച്ചതിന് പകരമായി സംസ്ഥാനപാതയിലൂടെ സഞ്ചരിക്കേണ്ട യാത്രക്കാർക്കായൊരുക്കിയ സർവീസ് റോഡിലാണ് സ്ലാബ് തകർന്നത്. ദേശീയപാത കൂരിയാട് തകർന്നതിനാൽ ഈ ഭാഗത്തെ സർവീസ് റോഡാണ് എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്നത്.
കൊളപ്പുറം കൂരിയാട് ഭാഗത്ത് പലതവണ പലഭാഗത്തായി സർവീസ്‌റോഡിന്റെ അഴുക്കുചാലിന് മുകളിലായി സ്ഥാപിച്ച സ്ലാബ് തകരുന്നത് പതിവാകുന്നുണ്ട്. സ്ലാബിന്റെ മുകളിലെ കോൺക്രീറ്റ് അടർന്നുമാറി ഇരുമ്പുകമ്പി പുറത്തു കാണുകയാണ് പതിവ്.
നാട്ടുകാർ പ്രതിഷേധവുമായെത്തുമ്പോൾ അധികൃതർ രാത്രിയിലെത്തി പുലർച്ചയ്ക്കുമുൻപെ കോൺക്രീറ്റ് മിശ്രിതം ചേർത്ത് അടയ്ക്കുമെന്നും നാട്ടുകാർ പറയുന്നു. പൊതുപ്രവർത്തകർ നൽകിയ വിവരാവകാശ വിവരപ്രകാരം സർവീസ്‌റോഡ് രണ്ടുവരിപാതയാണെന്ന് ദേശീയപാതാ അതോറിറ്റിയുടെ മറുപടി ലഭിച്ചിരുന്നു. ഇതോടെ കഷ്ടിച്ച് ഒരുവശത്തേക്ക് പോകാൻമാത്രം വീതിയുള്ള സർവീസ് റോഡിൽ മറുവശത്തേക്ക് വാഹനങ്ങൾ പോകുന്നത് ഈ സ്ലാബിന് മുകളിലൂടെയാണെന്നതും ആശങ്കയുയർത്തുന്നു. തകർന്നഭാഗത്തെ കോൺക്രീറ്റ് പൂർണമായും നീക്കംചെയ്ത് വീണ്ടും തകരാത്തനിലയിൽ അറ്റകുറ്റപണി നടത്തണമെന്നതാണ് ആവശ്യം.