വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിച്ചിരുന്ന പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നു. പഴയ കോൺക്രീറ്റ് കെട്ടിടം കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായതിനാൽ നേരത്തെ പൊളിച്ചു മാറ്റിയിരുന്നു. ഉപ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു പോകാതിരിക്കുന്നതിനായി പാക്കടപ്പുറായയിലെ ഒരു പീടിക മുറിയിൽ പ്രവർത്തിപ്പിക്കുകയായിരുന്നു ഇതുവരെ ഈ സ്ഥാപനം. എന്നാൽ ഉപകേന്ദ്രമായി പ്രവർത്തിച്ച ഈ വാടകമുറിക്ക് ഇത് വരെയും വാടക ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ 1983 ൽ കോയിത്തൊടിക മമ്മീരു ഉമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് ജനകീയ ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എൻ. എച്. എം. ആർ. ഒ. പി വഴി വഴി അനുവദിച്ചു കിട്ടിയ 55.5 ലക്ഷം ഉപയോഗിച്ചാണ് പുതിയ കെട്ടിടം പണി പൂർത്തിയാക്കുന്നത്. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, എന്നിവർക്കൊപ്പം എൻ. എച്. എം വഴി നിയമിച്ച ജീവനക്കാരും ആശാ വർക്കർമാരും ഇവിടെ ഉണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിലെ 2, 3,4,6,7 വാർഡുകളിലായി പതിനയ്യായിരത്തോളം ആളുകളുടെ ആരോഗ്യ കാര്യങ്ങൾക്ക് ഏക അത്താണിയാണ് ഈ സ്ഥാപനം. അതേ സമയം ആഴ്ചയിൽ ഒരിക്കലെങ്കിലും ഡോക്ടർമാരുടെ സേവനം കൂടി ഈ കേന്ദ്രത്തിൽ ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാത്രമല്ല നേരത്തെയുള്ള കെട്ടിടത്തിൽ നഴ്‌സുമാർക്ക് താമസ സൗകര്യം ഉണ്ടായിരുന്നതിനാൽ അവർ ഇവിടെ താമസിച്ചിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിലാവട്ടെ നഴ്‌സുമാർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. പുതിയ കെട്ടിടത്തിൽ താമസ സൗകര്യം കൂടി ഏർപ്പെടുത്തിയാൽ ആരോഗ്യ ഉപകേന്ദ്രം പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുമെന്നും പൊതുജനം പറയുന്നു.
പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രത്തിനു ശാപമോക്ഷം: പുതിയ കെട്ടിടം പണി പൂർത്തിയാവുന്നു
admin