വേങ്ങര: കെഎസ്ഇബി വേങ്ങര സെക്‌ഷന് കീഴിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടമായി സർക്കാർ ഓഫിസുകളിലാണ് മീറ്ററുകൾ സ്ഥാപിക്കുന്നത്. വേങ്ങര വില്ലേജോഫീസിൽ ആദ്യമീറ്റർ സ്ഥാപിച്ച് അസി. എൻജിനീയർ ഫസീൻ പദ്ധതി ഉദ്ഘാടനംചെയ്തു. താമസിയാതെ മറ്റു സർക്കാർ ഓഫീസുകളിലും സ്മാർട്ട്മീറ്റർ സ്ഥാപിക്കും.
തെരുവുവിളക്കുകളിലും തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലുമാകും ആദ്യം മീറ്റർ സ്ഥാപിക്കുക. സംസ്ഥാനത്തെ 776 സെക്‌ഷൻ ഓഫീസുകളിലായി അരലക്ഷത്തോളം സ്മാർട് മീറ്ററുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ ആൻഡ് മീറ്റർ ടെസ്റ്റിങ് റിപ്പയറിങ് (ടിഎംആർ) യൂണിറ്റുകളിൽനിന്നാണ് വിതരണം.
ഇസ്‌ക്രമാകോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മീറ്ററുകളാണ് എത്തിയത്.
സബ് സ്റ്റേഷനുകളിലെ ഫീഡർ മീറ്റർ, ഹൈടെൻഷൻ ലൈൻ, ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടെ സ്മാർട് മീറ്ററുകൾ സ്ഥാപിച്ചശേഷം രണ്ടാം ഘട്ടത്തിൽശേഷം മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും മീറ്റർ സ്ഥാപിച്ചുനൽകും. ചടങ്ങിൽ സബ് എൻജിനീയർമാരായ സുധീന്ദ്രനാഥൻ, സൈഫുള്ള, ജീന, ലൈൻമാൻമാരായ അബ്ദുൽ നാസർ പ്രസാദ് വേലായുധൻ, നൗഷാദ്, ജീവനക്കാരായ അമീൻ രതീഷ് എന്നിവർ പങ്കെടുത്തു.