കോട്ടയ്ക്കൽ : ശാസ്ത്രബോധത്തോടൊപ്പം മൂല്യബോധംകൂടി പകരുന്ന വിദ്യാഭ്യാസമാണ് നമുക്കുവേണ്ടതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. കോട്ടൂർ എകെഎംഎച്ച്എസ്എസിൽ ജില്ലാ ശാസ്‌ത്രോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം ഒരു നല്ല അധ്യാപകനെയോ ശാസ്ത്രജ്ഞനെയോ ഒക്കെ ഉണ്ടാക്കിയെന്നിരിക്കും. എന്നാൽ ഒരു നല്ല മനുഷ്യനെ ഉണ്ടാക്കാൻ മൂല്യങ്ങൾതന്നെ വേണം. ശാസ്ത്രബോധത്തിലേക്ക് മാനുഷികമൂല്യങ്ങളെ വിളക്കിച്ചേർത്തുള്ള വിദ്യാഭ്യാസമാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുക. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന മനുഷ്യർ പരസ്‌പരം സ്‌നേഹിക്കുമ്പോഴും കൈപിടിക്കുമ്പോഴുമാണ് അവന് നേട്ടങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ അധ്യക്ഷയായി.
To advertise here, Contact Us
വിഎച്ച്എസ്ഇ കുറ്റിപ്പുറം മേഖലാ സ്‌കിൽ ഫെസ്റ്റിവെലിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ശാസ്‌ത്രോത്സവത്തിന്റെ ലോഗോ രൂപകല്പനചെയ്ത ശാസ്ത്രാധ്യാപിക എ.കെ. സബീഹയ്ക്ക് സ്‌കൂൾ മാനേജർ കെ. ഇബ്രാഹിം ഹാജി ഉപഹാരം നൽകി. വിഎച്ച്എസ്ഇ അസി. ഡയറക്ടർ പി. നവീന, ആർഡിഡി പി.എക്സ്. ബിയാട്രിസ് മരിയ, ഡിഡിഇ പി.വി. റഫീഖ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ബാബു വർഗീസ്, ഡിഇഒ കെ. ശ്രീജ, കൗൺസിലർ പി.ടി. അബ്ദു, നഗരസഭാംഗം ഇ. റഫീഖ് എന്നിവർ സംബന്ധിച്ചു.