വേങ്ങര: നാടുകാണി പരപ്പനങ്ങാടി സംസ്ഥാനപാതയിലെ തിരക്കേറിയ വേങ്ങര അങ്ങാടിയിൽ സീബ്രാവരകൾ മാഞ്ഞു.
അനവധി സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ബാങ്കുകളും പ്രവർത്തിക്കുന്നത് വേങ്ങര അങ്ങാടിയിലെ ഈ സംസ്ഥാനപാതയ്ക്കിരുവശവുമായാണ്.
വിവിധയിടങ്ങളിൽനിന്ന് ബസിലും മറ്റു വാഹനങ്ങളിലുമായി വന്ന് റോഡിന് ഇരുവശങ്ങളിലുമായിറങ്ങുന്ന യാത്രക്കാർ കുറുകേ കടക്കേണ്ടത് എവിടെയാണെന്നറിയാതെ വിഷമിക്കുകയാണ്.
തിരക്കേറിയ സമയങ്ങളിൽ വേങ്ങര അങ്ങാടിയിൽ താഴേ അങ്ങാടി മുതൽ ഊരകം കുറ്റാളൂർ എട്ടാംകല്ല് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതിനിടയിലുള്ള ഇടവേളകളിൽ വേണം കാൽനടയാത്രക്കാർക്ക് വാഹനങ്ങൾക്കിടയിലൂടെ റോഡിനു കുറുകേ കടക്കാൻ. വേങ്ങര അങ്ങാടിയുടെ മധ്യഭാഗത്തുള്ള വേങ്ങര മോഡൽ ഹയർസെക്കൻഡറിയിലെ വിദ്യാർഥികൾ സമയത്തിന് സ്‌കൂളിലെത്താൻ ഏറെ പാടുപെടുന്നു. ഇവിടെ ഒരുഭാഗത്ത് മങ്ങിയ നിലയിൽ വരകൾ കാണുന്നുണ്ടെങ്കിലും മറുഭാഗത്ത് തീരേ കാണാനില്ല. പാതയിൽ സമാനമായ പരാതി നേരത്തേയുണ്ടായപ്പോൾ നാട്ടുകാർചേർന്ന് പെയിന്റുപയോഗിച്ച് വര തെളിയിക്കുകയായിരുന്നു. മഴ പെയ്തതോടെ അതും മാഞ്ഞുപോയി.