കോട്ടക്കൽ: മനുഷ്യൻ അസ്തിത്വപരമായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം അന്യം നിന്നു കൊണ്ടിരിക്കുന്ന കൃഷി സംസ്കാരം തിരിച്ച് പിടിച്ച് പ്രകൃതിയിലേക്കുള്ള മടക്കം മാത്രമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് 'കർമസാമയിക'ത്തിൻ്റെ ഭാഗമായി എടരിക്കോട്ട് സംഘടിപ്പിച്ച കേരള കർഷക സംഗമം അഭിപ്രായപ്പെട്ടു.
അനുകൂലമായ മണ്ണും ഭൂപ്രകൃതിയും അന്തരീക്ഷവും കാലാവസ്ഥയുമെല്ലാം ഉണ്ടായിട്ടും കേരളീയർ മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും ക്രമാതീതമായി അകലുകയാണ്.
അശാസ്ത്രീയമായ സാമൂഹ്യ ജീവിത ശൈലിയും ക്രമങ്ങളും ജീവിതം ക്രമ രഹിതമാക്കിയിരിക്കുന്നു.
വിദേശ രാജ്യങ്ങളിലേക്കുളള അനിയന്ത്രിതമായ കുടിയേറ്റം പ്രകൃതിയിൽ നിന്നും അകലാൻ കാരണമായിട്ടുണ്ട്. ലാഭക്കൊതിയും പുതിയ വാണിജ്യ സംസ്കാരവും കേരളീയരെ പരമ്പരാഗത കൃഷിയിൽ നിന്നും വിടപറയാനും, കൃഷി വാണിജ്യ വത്കൃതമാകാനും ഇടയാക്കിയിട്ടുണ്ട്. വിഭവങ്ങൾ വിഷമയമാകാനും തന്മൂലം സമൂഹം രോഗാതുരമായി മാറാനും ഇത് കാരണമായിട്ടുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കൃഷി സംസ്കാരം തിരിച്ചു പിടിക്കുക,വിഷരഹിത വിഭവങ്ങൾ ഉദ്പാദിപ്പിക്കുക, പരിശീലനം നേടിയ ഒരു ലക്ഷം കർഷകരെ വിന്യസിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സംഗമം പദ്ധതികളാവിഷ്കരിച്ചു.
ഇതിനായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ 'യുനൈറ്റഡ് ഫാർമേഴ്സ് ഫോറം' എന്ന പേരിൽ കർഷക കൂട്ടായ്മക്ക് രൂപം നൽകി.സംസ്ഥാന തലത്തിൽ സി എ ഹൈദ്രോസ് ഹാജി ചെയർമാനും എ.മുഹമ്മദ് ക്ലാരി കൺവീനറുമായി പതിനഞ്ചംഗ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി.
'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ നടന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് കേരള മുസ് ലിം ജമാഅത്ത് നടത്തിയ മെഗാ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്ന കർഷക സംഗമത്തിൽ മംഗലം അബ്ദു റഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
കേരള ഹജ്ജ് വഖ്ഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഇബ്റാഹിമുൽ ഖലീൽ അൽ ബുഖാരി, സി.മുഹമ്മദ് ഫൈസി,മലപ്പുറം അസി.കൃഷി ഡയറക്ടർ കെ.ജംഷീദ്, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി,ഇ.ജയൻ പ്രസംഗിച്ചു.എം.എൻ കുഞ്ഞഹമ്മദ് ഹാജി,സി.പി സൈദലവി മാസ്റ്റർ,മജീദ് കക്കാട്,മുസ്ത്വഫ മാസ്റ്റർ കോഡൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ,മുഹമ്മദ് പറവൂർ,ഊരകം അബ്ദുറഹ്മാൻ സഖാഫി ,കെ.അബ്ദുൽ ഗഫൂർ സംബന്ധിച്ചു.
അബൂബക്കർ മാസ്റ്റർ പടിക്കൽ സ്വാഗതവും അലിയാർ കക്കാട് നന്ദിയും പറഞ്ഞു.