വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ യോജന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച മാലിന്യ ശേഖരണത്തിനായുള്ള പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങൾ (എംസിഎഫ് യൂണിറ്റുകൾ) ഉപയോഗിക്കാതെ നോക്കുകുത്തികൾ ആയെന്നു പരാതി. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കുന്നതിനും പുനരുപയോഗ സാധ്യത കണ്ടെത്തുന്നതിനുമായി സൂക്ഷിക്കുന്ന ഇടങ്ങളാണ് എം. സി. എഫ് യൂണിറ്റുകൾ. വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി കൊടുത്തയക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കാനായി വേങ്ങര ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും എം. സി എഫ് സ്ഥാപിച്ചിട്ടുണ്ട്. എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചെലവഴിച്ചു റോഡരികിൽ നിർമിച്ച ഈ യൂണിറ്റുകൾ പലതും ഉപയോഗിക്കാതെ കാട് മൂടി കിടക്കുകയാണ്. കാൽ കോടിയോളം രൂപ ചെലവഴിച്ചു നിർമ്മിച്ച ഈ നിർമ്മിതികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഗ്രാമ പഞ്ചായത്ത് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. എം. സി. എഫ് യൂണിറ്റുകളുടെ പ്രായോഗിക ഉപയോഗ സാധ്യതകൾ പരിഗണിക്കാതെ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വേങ്ങരയിലെ വിവരാവകാശ പ്രവർത്തകൻ എ. പി അബൂബക്കർ ഓംബുഡ്സ്മാനു പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഇവയിൽ ശേഖരിച്ചു വെച്ചിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിനു ആവശ്യമായ നടപടികൾ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
വേങ്ങരയിൽ പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങൾ നോക്കുകുത്തി: പാഴായത് ഇരുപത്തിയഞ്ചു ലക്ഷം രൂപ
admin