ഒതുക്കുങ്ങൽ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികളെല്ലാം തിരക്കിട്ട സ്ഥാനാർഥിനിർണയ ചർച്ചകളിലാണ്. പ്രഖ്യാപിച്ച ചിലയിടങ്ങളിൽ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങുകയുംചെയ്തു. ആദ്യഘട്ടത്തിൽ സാമൂഹികമാധ്യമങ്ങൾ വഴിയാണ് വോട്ടുപിടിത്തം.
മലപ്പുറം ഒതുക്കുങ്ങൽ പഞ്ചായത്ത് രണ്ടാംവാർഡിലെ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിംലീഗിലെ കെ.പി. സലീം കളത്തിലിറക്കിയത് ഫുട്ബോൾതാരം മെസ്സിയെയാണ്. യഥാർഥ മെസ്സിയല്ല; എഐ മെസ്സി. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. 24 മണിക്കൂർകൊണ്ട് ഒരു ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. സലീമിന് വോട്ടുചെയ്യണമെന്നും മന്ത്രി കബളിപ്പിച്ചപോലെ സലീം നിങ്ങളെ വഞ്ചിക്കില്ലെന്നും എഐ മെസ്സി വീഡിയോയിൽ പറയുന്നു.
മെസ്സിയെ കൊണ്ടുവരുമെന്നുപറഞ്ഞ് മന്ത്രി വി. അബ്ദുറഹ്‌മാൻ മലയാളികളെ പറ്റിച്ചുവെന്നും അതുപോലെ നടപ്പാക്കാൻ പറ്റാത്ത വാഗ്‌ദാനം ജനങ്ങൾക്കു നൽകില്ലെന്നു പറയാനാണ് വീഡിയോ പുറത്തിറക്കിയതെന്നും കോണി ചിഹ്നത്തിൽ മത്സരിക്കുന്ന സലീം പറയുന്നു. 40 അംഗങ്ങളുള്ള സാമൂഹികമാധ്യമസംഘം സലീമിന് വേണ്ടി വാർഡിൽ പ്രവർത്തിക്കുന്നുണ്ട്.