മഞ്ഞുപുതച്ച് വയനാട്; ഇത്തവണ തണുപ്പ് നേരത്തേയെത്തി

കണ്ണിനും മനസ്സിനും കുളിരായി വയനാട്ടിലെ കോടമഞ്ഞ്. എതിർവശത്തുനിന്നെത്തുന്നവർക്ക് പരസ്പരം കാണാൻ സാധിക്കാത്ത രീതിയിൽ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടൻ പുലരി. കോടമഞ്ഞണിഞ്ഞ വയനാടൻ കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കുന്നതും പുതിയ അനുഭൂതിയാണ്.

മഞ്ഞണിഞ്ഞ പ്രഭാതവും രാത്രിയിലെ തണുപ്പും വയനാടിന്റെ പോയകാല ഓർമ്മകൾകൂടിയാണ് അടയാളപ്പെടുത്തുന്നത്. നവംബർ അവസാനത്തോടെയാണ് വയനാടൻ പുലരികൾ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബർ ആദ്യവാരത്തോടെ മഞ്ഞെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ കുറഞ്ഞ താപനില 19 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 26 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറിൽ കുറഞ്ഞ താപനില യഥാക്രമം 17 മുതൽ 19 വരെയായിരുന്നെങ്കിൽ കൂടിയ താപനില 22 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. സന്ധ്യയാവുമ്പോഴേക്കും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്.

മഞ്ഞിൽ തലയുയർത്തിനിൽക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം ജില്ലയിലെത്തുന്നവർക്കു വേറിട്ട കാഴ്ചാനുഭവമാണ് പകരുന്നത്. ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളിലെ തിരക്കുകളിൽനിന്നൊഴിഞ്ഞ് വയനാട്ടിൽ അവധിദിനങ്ങൾ ചെലവഴിക്കാനെത്തുന്നവർ ഇപ്പോൾ ഏറെയാണ്. ഐടി മേഖലയിൽ ജോലിചെയ്യുന്നവരാണ് ഇങ്ങനെയെത്തുന്നവരിൽ കൂടുതലും.

മഴനീങ്ങിയതിന്റെ സൂചനയായാണ് മഞ്ഞുവീഴ്ചയെ പഴമക്കാർ കണ്ടിരുന്നത്. ചാറ്റൽമഴപോലെ മഞ്ഞുപെയ്തിറങ്ങുന്ന കാഴ്ച ഇപ്പോൾ മിക്കയിടത്തും കാണാം. ഇപ്പോഴത്തെ കാലാവസ്ഥ കൃഷിക്കും അനുയോജ്യമാണെന്നാണ് കർഷകർ പറയുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}