വേങ്ങര: തെരഞ്ഞെടുപ്പ് കാലം ചുമരെഴുത്തുകാരുടെ നല്ല കാലം കൂടിയാണ്. തെരഞ്ഞെടുപ്പ് കാലത്തും, സംഘടനാ സമ്മേളനങ്ങളുടെ സമയങ്ങളിലും, ചുമരായ ചുമരെല്ലാം എഴുതാനായി ബുക്ക് ചെയ്തു എഴുത്തുകാരനെ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രിന്റ് മീഡിയയുടെ വികാസത്തോടെ ഫ്ലെക്സ് ബോർഡുകൾ ചെറിയ സമയത്തിനുള്ളിൽ യഥേഷ്ടം നിർമ്മിക്കാമെന്നായതോടെ കലാകാരന്മാരുടെ ശനിദശയും ആരംഭിച്ചു. എഴുതാനുള്ള ഓർഡറുകൾ കുറഞ്ഞതോടെ പലരും ഡിജിറ്റൽ ഡിസൈനിങ് രംഗത്തേക്ക് ചുവട് മാറ്റി. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വശമില്ലാത്ത കലാകാരന്മാർ മറ്റു ജോലികളിലേക്കു ചേക്കേറേണ്ട അവസ്ഥയും സംജാത മായി. ഈ ഫീൽഡിൽ ഇനിയും പിടിച്ച് നിൽക്കാനാവില്ലെന്നു ബോധ്യമായിട്ടും തുടരുന്ന രണ്ട് കലാകാരന്മാരുണ്ട് വേങ്ങരയിൽ. പ്ലാസ്റ്റിക് ഫ്ലെക്സ് ബോർഡുകളോട് താല്പര്യമില്ലാത്തവർക്ക് ഫ്രെയ്മിൽ വലിച്ചു കെട്ടിയ തുണിയിൽ മനോഹരമായ ലിപികൾ കൊണ്ട് ബോർഡുകൾ ഒരുക്കുകയാണ് യൂസുഫ് കുറ്റാളൂർ. അതോടൊപ്പം അന്യം നിന്നു പോയ ചുമരെഴുത്തുകൾ തെരഞ്ഞെടുപ്പുകാലങ്ങളിൽ തിരിച്ചു വരും. വേങ്ങരയിലും പരിസര പ്രദേശങ്ങളിലും പാർട്ടിയോ മുന്നണിയോ ഭേദമില്ലാതെ എല്ലാർക്കും ചുമരെഴുതാൻ യൂസുഫും അദ്ദേഹത്തോടൊപ്പം എം. പി ഹംസാക്കയും വേണ്ടിയിരുന്നു. രാത്രി കാലങ്ങളിലാണ് കൂടുതലും ചുമരെഴുത്ത് നടക്കുക. പകൽ സമയങ്ങളിൽ കൊടും വെയിലിലും ചുമരെഴുതി സീസൺ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഈ ഗ്രാമീണ കലാകാരൻമാർ.
ചുമരെഴുത്ത് ആശാൻ യൂസുഫ് കുറ്റാളൂർ: ബ്രഷും കളറും ഉപേക്ഷിക്കാനാവുന്നില്ല
admin