കൊളപ്പുറം: കൊളപ്പുറത്ത് വിമാനത്താവളം റോഡിൽനിന്ന് നിലവിലെ മേൽപാലത്തിലേക്കുള്ള അനുബന്ധറോഡിന് ദേശീയപാതാ അധികൃതർ കോൺക്രീറ്റിൽ നിർമിച്ച ഡിവൈഡർ നാട്ടുകാർപൊളിച്ചു. കൊളപ്പുറം അങ്ങാടിയിലൂടെയുള്ള സാധാരണക്കാരുടെയും വാഹനങ്ങളുടെയും വഴിമുടക്കി ഡിവൈഡർ നിർമിച്ചതിലുള്ള പ്രതിഷേധമാണ് നിർമിച്ച ഡിവൈഡർ പൊളിക്കുന്നതിലെത്തിയത്.
ദേശീയപാത അധികൃതർ നടത്തുന്ന ജങ്ഷൻ വികസനത്തിന്റെ ഭാഗമായാണ് അനുബന്ധറോഡ് നിർമാണം.
വിമാനത്താവളം റോഡിൽനിന്ന് നിലവിലെ മേല്പാതയിലെത്താൻ പഴയ ദേശീയപാതയിലൂടെ കുറച്ചുവളഞ്ഞ് സഞ്ചരിക്കേണ്ടിവന്നിരുന്നു. ഇതൊഴിവാക്കാനാണ് പാതനിർമാണം. ഇത് പഴയ ദേശീയപാതയ്ക്ക് കുറുകേയാണ് കടന്നുപോകുന്നത്. ഇതിന് നടുവിലൂടെയാണ് ഡിവൈഡർ സ്ഥാപിച്ചത്. ഇതോടെ കൊളപ്പുറം അങ്ങാടി കുറുകെ രണ്ടായി മുറിഞ്ഞു. പാതക്കിരുവശവുമായി ഇരുനൂറോളം വീടുകളും ഇരുപതിലധികം ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളും ഉണ്ട്. ഇവർക്ക് വാഹനങ്ങളുമായി ഇരുപുറത്തേക്കും സഞ്ചരിക്കാൻ പറ്റാതായി. കൊളപ്പുറം പള്ളി, മദ്രസ എന്നിവിടങ്ങളിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു.
പഴയ ദേശീയപാതയിലൂടെയാണ് കോഴിക്കോട്ടുനിന്ന് കോട്ടയ്ക്കൽ, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ വരുന്നത്. അരീക്കോട് കൊണ്ടോട്ടി, കുന്നുംപുറം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്. ഇതും തടസ്സപ്പെട്ടു. ഡിവൈഡറിന്റെ പണിതുടങ്ങിയപ്പോൾത്തന്നെ നാട്ടുകാർ പരാതിയുമായി വന്നിരുന്നു. എന്നാൽ പഴയ ദേശീയപാത കടന്നുപോകുന്നഭാഗത്ത് തടസ്സമുണ്ടാക്കില്ലെന്ന് പറഞ്ഞാണ് പണിതുടങ്ങിയത്. കൊളപ്പുറത്ത് അനുയോജ്യമല്ലാത്ത സ്ഥലത്ത് പാലം നിർമിച്ചതിനെതിരേയും അനുയോജ്യമായ സ്ഥലത്ത് മേല്പാലം നിർമിക്കണമെന്നാവശ്യപ്പെട്ടും കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനാൽ കൊളപ്പുറത്തുള്ളവരെ പരാമാവധി ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് സംയുക്ത സമരസമിതി ഭാരവാഹികളും നാട്ടുകാരും ആരോപിച്ചു. ഇപ്പോൾ നടക്കുന്ന ദേശീയപാത നിർമാണത്താൽ കൊളപ്പുറത്തുണ്ടായ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാവില്ലെന്നും നാട്ടുകാർ പറഞ്ഞു.