കണ്ണമംഗലത്തെ ഭക്ഷ്യനിർമാണശാലയ്ക്ക് തീയിട്ട പ്രതി പിടിയിൽ

വേങ്ങര: ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നതിനിടയിൽ കണ്ണമംഗലത്ത് യുവസംരംഭകരുടെ ഭക്ഷ്യനിർമാണശാലയ്ക്ക് തീയിട്ട പ്രതിയെ വേങ്ങര പോലീസ് പിടികൂടി. തമിഴ്‌നാട് തൃച്ചി സ്വദേശി കണ്ണമംഗലം തോട്ടശ്ശേരിയറ അംഗത്തുകുണ്ട് തടത്തിൽപാറ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ദേവരാജ് (28) നെയാണ് ഞായറാഴ്ച്ച പുലർച്ചെ വേങ്ങര എസ്എച്ച്‌ഒ സിഐയും സംഘവും പിടിച്ചത്.

നവംബർ ഒന്ന് വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. വാളക്കുട സ്റ്റേഡിയത്തിന് എതിർവശത്ത് ചുക്കൻ അജ്‌മൽ, ആസിഫ് ചുക്കൻ, അലി ചൊക്ലി, എൻ.കെ. അലി എന്നിവരുടെ ഉടമസ്ഥതയിൽ നവംബർ ഇരുപതിന് പ്രവർത്തനം തുടങ്ങാനിരുന്ന മാക്രോണി, വെർമസല്ലി എന്നിവയിൽനിന്നുള്ള വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്ന ഇന്ത്യൻ മോഡേൺ ഫുഡ് ഫാകക്ടറിക്കാണ് പ്രതി തീയിട്ടത്.

കംപ്യൂട്ടറുകളും ഓഫീസ് സാമഗ്രികളും ഫർണിച്ചറുകളും യന്ത്രങ്ങളുമുൾപ്പെടെ 15 ലക്ഷം രൂപയോളം വിലവരുന്ന വസ്‌തുക്കൾ പൂർണമായും കത്തി നശിച്ചു.

ഫാക്ടറിയിൽനിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടമകളെത്തി തീയണയ്ക്കുകയായിരുന്നു. അന്ന് സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കോവണി വഴി മുകളിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ഒന്നാം നിലയിലെ ഷീറ്റ് മേഞ്ഞ മേൽക്കുരയിലൂടെ പ്രവേശിക്കുന്നതും ഓഫീസിൻ്റെ ചില്ലുകൾ തകർത്ത് തീയിടുന്നതും ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തുകയും ഇയാളെ തിരിച്ചറിഞ്ഞതായി ഉടമകൾ പോലീസിനോട് പറയുകയും ചെയ്തിരുന്നു.

ദൃശ്യങ്ങൾ സിസിടിവിയിൽ പതിയാതിരിക്കാൻ ഓഫീസിനു മുമ്പിൽ സ്ഥാപിച്ച മൂന്ന് സിസിടിവി ക്യാമറകൾ പ്രതി പറിച്ചെടുത്ത് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത് പിന്നീട് തൊട്ടടുത്ത കുറ്റിക്കാട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു. പ്രതിയുടെ കുടുംബവീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പോലീസ് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭക്ഷ്യനിർമാണശാല നവംബർ ഇരുപതിന് പ്രവർത്തനം തുടങ്ങാനുള്ള ശ്രമത്തിലാണെന്നും പ്രതിയെ ഇതിനു മുമ്പ് പരിചയമില്ലെന്നും ഉടമകൾ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}