പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്

വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ അഞ്ചാം ഭേദഗതി അനുസരിച്ച് പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള നിരക്കില്‍ പത്ത് ഇരട്ടി വരെയാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

വാഹനങ്ങളുടെ കാലപ്പഴക്കം അടിസ്ഥാനമാക്കിയാണ് ഉയര്‍ന്ന ഫിറ്റ്‌നസ് പരിശോധന ഫീസ് ഈടാക്കിയിരുന്നത്. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് ഈടാക്കുന്നത്. 10 മുതല്‍ 15 വര്‍ഷം വരെയും 15 മുതല്‍ 20 വര്‍ഷം വരെയും 20 വര്‍ഷത്തിലധികം പഴക്കമുള്ളത് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മുമ്പ് 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളില്‍ ഈടാക്കിയിരുന്ന ഏകീകൃത നിരക്കില്‍ നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗത്തിനും പ്രത്യേകം ഫീസ് ഈടാക്കാനാണ് ഉപരിതല ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കാലപ്പഴക്കം അടിസ്ഥാനമാക്കിയുള്ള ഈ ഉയര്‍ന്ന നിരക്കില്‍ എല്ലാ വാഹനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രിസൈക്കിളുകള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ (എല്‍എംവി), ഇടത്തരം-ഹെവി ഗുഡ്‌സ്/ പാസഞ്ചര്‍ തുടങ്ങി എല്ലാ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പുതുക്കുന്നതിന് അവയുടെ പഴക്കം അടിസ്ഥാനമാക്കിയുള്ള പുതുക്കിയ നിരക്കായിരിക്കും ഈടാക്കുകയെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന വര്‍ധനവ് നേരിടേണ്ടി വരുന്നത് ഹെവി വാഹനങ്ങള്‍ക്കാണ്. 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ട്രക്കുകള്‍ക്കും ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്കായി 25,000 രൂപ നല്‍കേണ്ടിവരും. മുമ്പ് ഇത് 2500 രൂപയായിരുന്നു. ഇതേ കാലപ്പഴക്കമുള്ള ഇടത്തരം വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് 1800 രൂപയില്‍ നിന്ന് 18,000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് 15,000 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഇരുചക്ര വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍ ഫീസ് 600 രൂപയില്‍ നിന്ന് 2000 ആയാണ് ഉയരുന്നത്. മൂന്ന് ഇരട്ടിലധികമാണ് വര്‍ധനവ്. മുച്ചക്ര വാഹനങ്ങള്‍ക്ക് 7000 രൂപ ഫീസ് അടയ്ക്കണം. 15 വര്‍ഷത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധനവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ ചട്ടം 81 അനുസരിച്ച് മോട്ടോര്‍ സൈക്കിളിന് 400 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 600 രൂപയും ഇടത്തരം ഹെവി വാണിജ്യ വാഹനങ്ങള്‍ 1000 രൂപയും ഈടാക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}