വേങ്ങര: വോൾട്ടേജ് ക്ഷാമം ഉൾപ്പെടെയുള്ള വൈദ്യുതമേഖലയിലെ പ്രശ്‌നങ്ങൾക്കു പരിഹാരമായി വേങ്ങര സെക്‌ഷനു കീഴിൽ സ്ഥാപിച്ച നാല് ട്രാൻസ്‍ഫോർമറുകൾ കമ്മിഷൻ ചെയ്തില്ലെന്ന് പരാതി.
വേങ്ങര കച്ചേരിപ്പടി, ചേറ്റിപ്പുറമാട്, മാടംചിന, നെല്ലിപ്പറമ്പ് എന്നീ പ്രദേശങ്ങളിലാണ് 100 കെവി ശേഷിയുള്ള ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ചത്. എന്നാൽ, ട്രാൻസ്‌ഫോർമറുകളുടെ സുരക്ഷയ്ക്കായി പുതുതായി കൊണ്ടുവരുന്ന മോൾഡഡ് കേസ് സർകിറ്റ് ബ്രേക്കറുകൾ (എംസിസിബി) സ്ഥാപിക്കണമെന്നാണ് ഇൻസ്‍പക്ടറേറ്റിൽനിന്നുള്ള നിർദേശം. ഇതു കിട്ടാനില്ലാത്തതാണ് കമ്മിഷൻ ചെയ്യുന്നതിനു കാലതാമസമുണ്ടാകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
നേരത്തേ, ജീവനക്കാർ നിയന്ത്രിക്കുന്ന എബി സ്വിച്ച് ബ്രേക്കറുകളും ഫ്യൂസും സ്ഥാപിച്ചാണ് ട്രാൻസ്‍ഫോർമറിലേക്കും തിരിച്ചുമുള്ള വൈദ്യുതിപ്രവാഹം നിയന്ത്രിച്ചിരുന്നത്. എംസിസിബി സംവിധാനമാകുന്നതോടെ ലൈനിൽ ചെറിയ തകരാറുണ്ടായാൽപ്പോലും സ്വയമേ വൈദ്യുതി നിലയ്ക്കും. 160 ആംപിയറണ് ഇതിന്റെ ശേഷി. ലൈനിൽ പതിനാറിലേറെപേർ ഒരേസമയം മോട്ടോർ ഓൺചെയ്താൽപോലും ഓഫാകുമെന്ന പ്രായോഗിക ബുദ്ധിമുട്ടും ഇതിനുണ്ട്.
ഇതുവരെ മറ്റു സ്ഥലങ്ങളിൽ ഈ സംവിധാനം തുടങ്ങിയിട്ടില്ല. ട്രാൻസ്‌ഫോർമറുകൾക്ക് അതീവസുരക്ഷ കിട്ടുമെങ്കലും നാട്ടിൻപുറങ്ങളിൽ ഇത് പ്രായോഗികമാണോയെന്നതു സംശയമാണ്. ചെറിയ കാറ്റോ മഴയോ ആണെങ്കിൽപ്പോലും ജീവനക്കാരുടെ ജോലിഭാരം കൂട്ടുമെന്നും വർഷകാലങ്ങളിൽ ട്രാൻസ്‍ഫോർമറുകൾക്ക് ചുവടെ ജീവനക്കാർ കാവലിരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും ആക്ഷേപമുണ്ട്.
ഒരു എംസിസിബിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഇതുവെച്ച് ഒരു ട്രാൻസ്‌ഫോർമർ പ്രവർത്തിപ്പിക്കുമെന്നും പ്രയോഗികമാണെങ്കിൽ മറ്റു മൂന്നിലും ഇതു സ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.