വേങ്ങര: ഊരകം മലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കരിങ്കൽ ക്വാറികളും ക്രഷറുകളും നിശ്ചലമായതോടെ തൊഴിലാളികൾ ദുരിതത്തിലായി. ക്വാറികളിൽ നിന്ന് കരിങ്കല്ല് പൊട്ടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് ലൈസൻസ് പരിമിതപ്പെടുത്തിയത് കാരണം ഒന്നര മാസക്കാലമായി ആവശ്യത്തിന് കരിങ്കൽ ലഭിക്കാത്തതാണ് ക്രഷറുകൾ നിശ്ചലമായതിനു കാരണമെന്ന് ക്രഷർ ഉടമകൾ പറയുന്നു. എന്നാൽ ഇവിടങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ, ലോറികളിലെ ലോഡിങ് തൊഴിലാളികൾ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടവർ തുടങ്ങി ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലിയില്ലാതെ ദുരിതത്തിലായത്. നിർമ്മാണ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാത്ത ചെറുകിട കച്ചവടക്കാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവരും ക്രഷറുകൾ അടച്ചിട്ടത് കാരണം പ്രയാസത്തിലായി. ചെറേക്കാട്, വട്ടപ്പൊന്ത, വാളക്കുട, തുടങ്ങിയ അങ്ങാടികളിലൊക്കെ കച്ചവടക്കാർ കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്. തൊഴിലാളികളെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോവുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളും അടച്ചിടൽ ഭീഷണി നേരിടുന്നു. ക്രഷറുകൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന ആവശ്യം ഈ മേഖലയിൽ ശക്തമാണ്.
കരിങ്കൽ ക്രഷറുകളും ക്വാറികളും പ്രവർത്തിക്കുന്നില്ല: തൊഴിലാളികൾ ദുരിതത്തിൽ
admin