മലപ്പുറം: വർണക്കാഴ്‌ചകളൊരുക്കി മലപ്പുറം കോട്ടക്കുന്ന് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സർഫേസസ് ആൻഡ് സബ്ടെക്സ്റ്റ്സ് പെയിന്റിങ് പ്രദർശനം ആരംഭിച്ചു. ചിത്രകാരൻമാരായ കെ.എം. നാരായണൻ, രമ്യ തോട്ടിങ്ങൽ, പി. ശശി പ്രകാശ്, സി.കെ. ഷാജി എന്നിവരുടെ പെയിന്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. ചിത്രകാരൻ കെ. സുധീഷ് ഉദ്ഘാടനംചെയ്തു.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്‌കാരങ്ങളാണ് ഓരോ ചിത്രവും. യൂനുസ് മുസ്‌ലിയാരകത്ത്, ഉസ്‌മാൻ ഇരുമ്പുഴി, സതീഷ് ചളിപ്പാടം, പി. സുന്ദരരാജൻ, ഐഷ മുസ്‌ലിയാരകത്ത്, ജയനാരായണൻ മഞ്ചേരി, ഷബീബ മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. നീരജ ഷാജി പുല്ലാങ്കുഴൽ വായിച്ചു. പ്രദർശനം 31-ന് സമാപിക്കും.