തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് പൂർത്തിയായപ്പോൾ വ്യക്തമായ മേൽക്കൈ നേടിയെന്ന ഉറച്ച ആത്മവിശ്വാസത്തിൽ യു.ഡി.എഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും സ്വന്തമാക്കിയ മുൻതൂക്കം തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ഉറപ്പിക്കുകയാണ് നേതൃത്വം.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ കൃത്യമായി പ്രാവർത്തികമാക്കുകയും രാഷ്ട്രീയ ആയുധങ്ങൾ ലക്ഷ്യത്തിൽ തറക്കുകയും ചെയ്തുവെന്നു മാത്രമല്ല, ‘ഇലക്ഷൻ അജണ്ട’ നിശ്ചയിക്കുംവിധം കരുത്തുറ്റ സാന്നിധ്യമായി യു.ഡി.എഫിന് ഇക്കുറി മാറാനായി എന്നും നേതാക്കൾ അടിവരയിടുന്നു. ഇത് വോട്ടെണ്ണലിൽ കൃത്യമായി പ്രതിഫലിക്കും.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന തദ്ദേശ പോരിലെ അന്തിമഫലം സംസ്ഥാനത്ത് ഭരണമാറ്റം ആസന്നമായി എന്നതിന്റെ വ്യക്തമായ സൂചന നൽകുമെന്നാണ് മുന്നണി നേതാക്കളുടെ ആത്മവിശ്വാസം. ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ച തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കല്ലുപോലെ ഉറച്ച കോട്ടകളിലും തട്ടകങ്ങളിലും ഇളക്കം തട്ടിക്കാനായി എന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
വിലക്കയറ്റം, തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, ആരോഗ്യമേഖലയിലെ തകർച്ച തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ ശക്തമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഈ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം പിടിക്കുമെന്നും കഴിഞ്ഞതവണത്തെക്കാൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കും എന്നുമാണ് പ്രതീക്ഷ. രണ്ടാംഘട്ട വോട്ടിങ്ങിന്റെ തലേന്ന് പ്രതിപക്ഷത്തെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് അക്കമിട്ട് മറുപടി നൽകിയതും പരസ്യ സംവാദത്തിന് വെല്ലുവിളിച്ചതും രാഷ്ട്രീയമായി മേൽ കൈയുണ്ടാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ വസ്തുത പരമെന്ന് പൊതു സമൂഹത്തിൽ ധാരണ ഉണ്ടാക്കാൻ ഈ വെല്ലുവിളിക്കും വസ്തുത നിരത്തലിനും സാധിച്ചു എന്നാണ് കണക്കാക്കുന്നത്.
ഭരണവിരുദ്ധ വികാരത്തിന് മറയിടാൻ ക്ഷേമ പെൻഷൻ പിടിവള്ളിയാക്കിയ ഇടതുമുന്നണിയെ ശബരിമല സ്വർണക്കൊള്ള മുൻനിർത്തി പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. യു.ഡി.എഫിന്റെ ഘടകകക്ഷികൾ തമ്മിൽ കെട്ടുറപ്പോടെയാണ് മുന്നോട്ടുപോയത്.
ടീം യു.ഡി.എഫ് എന്ന നിലയിലെ പ്രവർത്തനത്തുടർച്ച എല്ലാ ജില്ലകളിലും ചെറുതല്ലാത്ത ഗുണം ചെയ്തു. അവസാന ഘട്ടത്തിൽ ഉയർന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ജനവിധിയെ ബാധിക്കില്ലെന്നും നേതൃത്വം ആവർത്തിക്കുന്നു.