മലപ്പുറം: ഭിന്നശേഷിയുള്ള കുഞ്ഞിനെ കൊന്ന് ആത്മഹത്യചെയ്ത അമ്മയുടെ വിഷയം പ്രതിപക്ഷ നേതാവ് അടിയന്തരപ്രമേയമായി അവതരിപ്പിച്ചു. ചർച്ചയ്ക്കുള്ള അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാലപാർലമെന്റിലായിരുന്നു കുട്ടികൾ അവതരിപ്പിച്ച പാർലമെന്ററി നടപടിക്രമങ്ങൾ നടന്നത്.
കുട്ടികളുടെ അവകാശസംരക്ഷണം, പാർലമെന്ററി രീതികൾ പരിചയിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ ബാലപാർലമെന്റ് സംഘടിപ്പിച്ചത്. ഇതിൽനിന്നു തിരഞ്ഞെടുത്ത 12 കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം.
മലപ്പുറം പ്ലാനിങ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ബാലപാർലമെന്റ് കളക്ടർ വി.ആർ. വിനോദ്‌കുമാർ ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ബി. സുരേഷ്‌കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്‌കർ, റിസോഴ്‌സ് പേഴ്‌സൺമാരായ ടി.കെ. അബ്ദുൽറഹീം, ടി.എൻ. സുരേന്ദ്രൻ, കദീജ, വി.പി. അലി അക്ബർ തുടങ്ങിയവർ പങ്കെടുത്തു.
ബാലപാർലമെന്റിൽ മലപ്പുറം നഗരസഭയിലുള്ള ഷഹ്‌മ ഫാത്തിമ പ്രസിഡന്റായും പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ള ഫല്ല ഫാത്തിമ പ്രധാനമന്ത്രിയായും വാഴക്കാട് സ്വദേശി സിത്താര പർവീൺ സ്‌പീക്കറായും പുലാമന്തോൾ സ്വദേശി സൻഹ ഫാത്തിമ പ്രതിപക്ഷനേതാവായും തിരഞ്ഞെടുക്കപ്പെട്ടു.