വേങ്ങര: തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ച 'ആപ്പിൾ' വോട്ടർമാർക്ക് മധുരമായി തിരികെ നൽകി ഊരകം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ. വാർഡിൽ നിന്നും യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച് വിജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വാർഡിലെ 400 കുടുംബങ്ങൾക്കും ആപ്പിൾ വിതരണം ചെയ്തത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്, ഔദ്യോഗിക സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കെ.ടി. അബ്ദുൽ മജീദിനെതിരെ റിബലായി മത്സരിച്ചത്.
'ആപ്പിൾ' ചിഹ്നത്തിൽ ജനവിധി തേടിയ ഇബ്രാഹിം 237 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. വിജയാഘോഷത്തിൻ്റെ ഭാഗമായി വാർഡിലെ ഓരോ വീടുകളിലും ഒന്നര കിലോയോളം തൂക്കം വരുന്ന ആപ്പിൾ പാക്കറ്റുകളാണ് ഇയാൾ എത്തിച്ചത്. വീടുകൾ കയറിയുള്ള ആപ്പിൾ വിതരണത്തിന് ഉമ്മർ ഹാജി വളപ്പിൽ, വി. അബ്ദുൽ ഖാദർ, ഇസ്മായിൽ ഹാജി പാലേരി, സഹദ് ടി.ടി, നൗഷാദ് എം.പി, വി. അബ്ദുറഹിമാൻ, പി.പി. അബൂബക്കർ, മുഹമ്മദലി പി.പി, ബഷീർ പി.പി, വി. ജമാൽ എന്നിവർ നേതൃത്വം നൽകി.