മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങൾ തെരുവുകളിലേക്കാൾ വിരൽത്തുമ്പുകളിലാണ്. കവലകളിലേക്കാൾ ആവേശകരമായ പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നു. റീലുകളും വർണപോസ്റ്ററുകളും ഘടാഘടിയൻ വാചകക്കസർത്തുകളുമായി എല്ലാ സ്ഥാനാർഥികളും ‘ന്യൂജൻ’ ആയിക്കഴിഞ്ഞു.
ആകർഷകമായ ഡിജിറ്റൽ പോസ്റ്ററുകളും റീലുകളും ഉണ്ടാക്കുന്നവർക്ക് അവസാനഘട്ടമൊക്കെ ആയപ്പോൾ നിലത്തുനിൽക്കാൻ നേരമില്ല. ചിലർ വാർഡിലെ മുഴുവൻ സ്ഥാനാർഥികൾക്കുംവേണ്ടി റീലുകളുണ്ടാക്കുന്നു. മറ്റുചിലർക്ക് ജില്ലയ്ക്കു പുറത്തേക്കും ആവശ്യക്കാരുണ്ട്. പ്രൊഫഷണലായി റീലുകൾ ഉണ്ടാക്കുന്നവർ ഒരു പാക്കേജായാണ് അതേറ്റെടുക്കുന്നത്. പാക്കേജിൽ റീലുകൾ, കളർ പോസ്റ്ററുകൾ, പഞ്ച് സ്‌ക്രിപ്റ്റുകൾ, ഫോൺവിളി വഴിയുള്ള പ്രചാരണം തുടങ്ങിയവയെല്ലാമുണ്ട്. ഇത്തരത്തിലുള്ള മലപ്പുറത്തെ ഒരുസംഘം പാക്കേജിന് 15,000 മുതൽ 20,000 രൂപവരെ ഈടാക്കുന്നു. അൻപതിനായിരംവരെ ഈടാക്കുന്ന സംഘങ്ങളുമുണ്ട്.
കൈയിൽ കാശുള്ളവർ സിനിമാചിത്രീകരണത്തിന്റെ കെട്ടുംമട്ടുമുള്ള കണ്ണഞ്ചിപ്പിക്കുന്ന റീലുകൾ ഇറക്കും. കീശയിൽ കനമില്ലാത്ത സ്ഥാനാർഥികൾ മൊബൈൽഫോണിലുണ്ടാക്കുന്ന റീലുകളെയും പോസ്റ്ററുകളെയും ആശ്രയിക്കുന്നു. ഏതായാലും ഈ പണിയറിയുന്ന ഒരാളും ഇപ്പോൾ വെറതേയിരിക്കുന്നില്ല. സ്റ്റുഡിയോയിലും ഔട്ട്ഡോറായുമൊക്കെ ചിത്രീകരണം നടക്കുന്നുണ്ട്.
ആദ്യഘട്ടം സ്ഥാനാർഥിയെ ആകർഷകമായി അവതരിപ്പിക്കുന്ന ഇൻട്രോ വീഡിയോ ആണ്. അടുത്തഘട്ടത്തിൽ മനോഹരമായ വാചകങ്ങളും മറ്റുമുപയോഗിക്കും. അവസാനഘട്ടത്തിലാണ് വോട്ടഭ്യർഥിച്ചുകൊണ്ടുള്ള റീലിറങ്ങുക. എല്ലാ വീഡിയോകളും ഒരുമിനിറ്റിനു താഴെയുള്ളതാണ്. മിക്കവരും സ്റ്റാറ്റസ് ആക്കാനാണ് ഇത്തരം റീൽസ് ഉപയോഗിക്കുന്നത്.