പള്ളിക്കൽ: കോഴിക്കോട് വിമാനത്താവളപരിസരത്തെ ‘വ്യൂ പോയിന്റ്’ നല്ല വിമാനക്കാഴ്ചകൾ നൽകുമെങ്കിലും അപകടം പതിയിരിക്കുന്ന ഇടമായി മാറുകയാണ്. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ കുമ്മിണിപ്പറമ്പ് വാർഡിൽപെട്ട വെങ്കുളത്തുമാടാണ് സന്ദർശകർക്കു പ്രിയപ്പെട്ട വ്യൂ പോയിൻറ് സ്ഥിതിചെയ്യുന്നത്.
ചൊവ്വാഴ്ച അതിരാവിലെ മലപ്പുറത്തുനിന്ന് കൂട്ടുകാരോടൊപ്പം വിമാനത്താവളത്തിലെത്തിയ ജിതിൻ എന്ന യുവാവിന് ഇവിടെവെച്ച് ജീവൻ നഷ്ടമായി. താഴ്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തിൽ മരക്കമ്പ് കുത്തിത്തറയ്ക്കുകയായിരുന്നു. നേരത്തേയും ഒട്ടേറെപ്പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
വ്യൂ പോയിൻറിലേക്കുള്ള സന്ദർശകരുടെ പ്രവേശനം കർശനമായി നിരോധിക്കാൻ മൂന്നുവർഷം മുൻപുതന്നെ പള്ളിക്കൽ പഞ്ചായത്തുതല ദുരന്തനിവാരണ സമിതി തീരുമാനിച്ചിരുന്നു. ഇവിടെ മണ്ണിടിച്ചിൽ സാധ്യത കൂടുതലായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിരോധനം വകവെയ്ക്കാതെ ഇവിടേക്ക് പ്രവേശിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അപായസൂചന വെളിവാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ പഞ്ചായത്തും പോലീസും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും സന്ദർശകരുടെ എണ്ണത്തിനു കുറവില്ല. ചൊവ്വാഴ്ച അപകടം നടന്ന സ്ഥലം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ, വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, ഭരണസമിതി അംഗങ്ങളായ കെ.പി. മുസ്തഫ തങ്ങൾ, ഹനീഫ പാലശ്ശേരി, റഹീം തോട്ടോളി എന്നിവർ സന്ദർശിച്ചു.