മലപ്പുറം: പണ്ഡിതരുടെ അനുസ്മരണപരിപാടികൾ നടത്തുന്നത് അവരുടെ ജീവിതവും ശൈലിയും മനസ്സിലാക്കാനും പകർത്താനുമാണെന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മലപ്പുറത്തു നടന്ന ഒ.കെ. ഉസ്താദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒ.കെ. ഉസ്താദ് ഭയഭക്തിയുള്ള പണ്ഡിതനായിരുന്നു. അറിവു നൽകുന്നതോടൊപ്പം സ്വന്തംജീവിതത്തിൽ അതു പകർത്തുകയുംചെയ്തു. മതം മുതൽ ഗോളശാസ്ത്രം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന് അങ്ങേയറ്റം അറിവുണ്ടായിരുന്നെന്നും പറഞ്ഞു.
ഒ.കെ. ഉസ്താദിന്റെ പേരിലുള്ള ബഹ്‌റുൽ ഉലൂം പ്രഥമ വിദ്യാഭ്യാസ അവാർഡ് ഒ.കെ. സൈനുദീൻ കുട്ടി മുസ്‍ലിയാരുടെ ശിഷ്യരും സമസ്ത സാരഥികളുമായ ഇ. സുലൈമാൻ മുസ്‌ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ എന്നിവർക്കു നൽകി.
‘ബഹ്‌റുൽ ഉലൂം ഒ.കെ. ഉസ്താദ് ചരിത്രം, ദർശനം’ എന്ന പ്രമേയത്തിൽ നടന്ന ചരിത്രസെമിനാറിലാണ് സമസ്ത നേതൃത്വത്തിന് അവാർഡ് സമ്മാനിച്ചത്. ഒ.കെ. മൂസാൻകുട്ടി മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‍ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, മോൻ ഹാജി ഒതുക്കുങ്ങൽ, നാസർ ഹാജി ഓമച്ചപ്പുഴ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
ചരിത്രസെമിനാർ മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. കേരളത്തിന്റെ മതസൗഹാർദം ഊട്ടി ഉറപ്പിക്കുന്നതിൽ പണ്ഡിതൻമാർക്ക് നിസ്തുല പങ്കുണ്ടെന്നും പണ്ഡിതൻമാരുടെ സാന്നിധ്യം വർഗീയതയെ എതിർത്തു തോൽപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽസെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം, അജിത് കൊളാടി എന്നിവർ വിഷയമവതരിപ്പിച്ചു.
അനുസ്മരണസമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‍ലിയാർ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‍ലിയാർ അധ്യക്ഷനായി.