വേങ്ങരയിൽ അഗ്നിരക്ഷാസേനാ യൂണിറ്റ് അടങ്കൽ തയ്യാറായി

എആർ നഗർ കൊളപ്പുറത്ത് പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാതയിൽ ഗവ. ഹൈസ്കൂളിന് സമീപമാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. യൂണിറ്റ് സ്ഥാപിക്കാൻ 2016 ഫെബ്രുവരിയിൽ എആർ നഗർ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള കുന്നുംപുറം കുടുംബാരോഗ്യകേന്ദ്രത്തിന്റെ സ്ഥത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് ഉത്തരവായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ എതിർപ്പിലും ആരോഗ്യകേന്ദ്രത്തിന്റെ വികസനം കണക്കിലെടുത്തും ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.


അഗ്നിരക്ഷാസേനാ യൂണിറ്റിന് കെട്ടിടം നിർമിക്കാനും ആവശ്യമായ ജീവനക്കാരെ അനുവദിച്ചും 2016 ജനുവരിയിൽത്തന്നെ സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതിനായി രണ്ടുകോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാൽ അന്ന് യൂണിറ്റ് തുടങ്ങാനായി കെഎൻഎ ഖാദർ എംഎൽഎ വേങ്ങര മണ്ഡലത്തിൽ സ്ഥലം കണ്ടെത്തുന്നതുവരെ വാടകയ്ക്കൊരു കെട്ടിടം നോക്കിയെങ്കിലും കിട്ടിയില്ല.

പിന്നീട് കൊളപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീ-സർവേ നമ്പർ 311-ൽ ഉൾപ്പെട്ട 40 സെന്റ് റവന്യൂ ഭൂമി ലഭ്യമാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച് വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. അതോടെയാണ് ഭൂമി അനുവദിച്ചത്.

സ്ഥലം ലഭ്യമായിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും അടങ്കൽ തയ്യാറാക്കി നൽകാത്തതിനാൽ ഇതുവരെ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല. ഇത് പരാതിയായായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതോടെയാണ് അടങ്കൽ തയ്യാറാക്കി അഗ്നിരക്ഷായൂണിറ്റിന്റെ പാലക്കാട് റീജണൽ ഓഫീസിലേക്ക് അയച്ചുകൊടുത്തത്.

ഭരണാനുമതി ലഭിച്ചാലുടൻ അനുവദിച്ച സ്ഥലത്ത് കെട്ടിടംപണി തുടങ്ങാനുള്ള നടപടികൾ ആരംഭിക്കും.

കൊളപ്പുറം ഭാഗത്ത് ദേശീയപാതയോടുചേർന്നുള്ള പൊതുമരാമത്തുവകുപ്പിന്റെ സ്ഥലത്ത് അഗ്നിരക്ഷായൂണിറ്റ് സ്ഥാപിക്കുകയാണെങ്കിൽ പ്രധാന കേന്ദ്രങ്ങളായ വേങ്ങര, കോട്ടയ്ക്കൽ, തിരൂരങ്ങാടി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കൊണ്ടോട്ടി, കോഴിക്കോട് വിമാനത്താവളം തുടങ്ങിയ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വളരെയേറെ സഹായകകരമാവുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇപ്പോൾ ഈ ഭാഗങ്ങളിൽ എന്തെങ്കിലും ദുരന്തമുണ്ടാവുകയാണെങ്കിൽ കിലോമീറ്ററുകൾക്കപ്പുറമുള്ള തിരൂർ, മലപ്പുറം, താനൂർ, കോഴിക്കോട് മീഞ്ചന്ത തുടങ്ങിയ നിലയങ്ങളിൽനിന്നാണ് അഗ്നിരക്ഷായൂണിറ്റ് എത്താറുള്ളത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}