വികസനത്തുടർച്ച ഉറപ്പാക്കും- സി.പി. ഹബീബ

തിരൂരങ്ങാടി: ഗ്രാമപ്പഞ്ചായത്തിലും നഗരസഭയിലുമായി ആറാം തവണയും ജനപ്രതിനിധിയായ പരിചയസമ്പന്നയാണ് തിരൂരങ്ങാടി നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സി.പി. ഹബീബ.

31-ാം വയസ്സിൽ മത്സരരംഗത്ത് എത്തിയ സി.പി. ഹബീബ ഏഴ് തവണ മത്സരിച്ചിരുന്നെങ്കിലും ഒരിക്കൽ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. 61-ാം വയസ്സിലാണ് തിരൂരങ്ങാടി നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 

നേരത്തെ തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്തിൽ വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നീ സ്ഥിരംസമിതി അധ്യക്ഷപദവികളും വഹിച്ചിട്ടുണ്ട്.

നഗരസഭയിലെ 25-ാം ഡിവിഷൻ മേലേചിനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ 85 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് വിമതയും നഗരസഭാ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടിയെ പരാജയപ്പെടുത്തി സി.പി. ഹബീബ വിജയിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ വീടുൾപ്പെടുന്ന ഡിവിഷനിൽ ലീഗിന് വിമതസ്ഥാനാർഥിയുണ്ടായത് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയതും ആവിഷ്‌കരിച്ചതുമായ പദ്ധതികൾ പൂർത്തിയാക്കി തിരൂരങ്ങാടിയിൽ വികസനത്തുടർച്ച ഉറപ്പാക്കുന്നതിനാണ് പ്രഥമപരിഗണനയെന്ന് ചെയർപേഴ്‌സൺ സ്ഥാനം ഏറ്റെടുത്തശേഷം സി.പി. ഹബീബ പറഞ്ഞു.

നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്ന 43 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ബാക്കിയുള്ള ജോലികളെല്ലാം ഉടൻ പൂർത്തിയാക്കും.

വിദ്യാഭ്യാസം, വയോജനക്ഷേമം, കൃഷി തുടങ്ങിയ മേഖലകളിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ വികസനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകും. നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതികളൊരുക്കും.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തറക്കല്ലിടൽ നടത്തിയ 95 ലക്ഷം ചെലവഴിച്ചുള്ള പന്താരങ്ങാടി മൈലിക്കൽ പൊതുശ്മശാനത്തിന്റെ നവീകരണം പൂർത്തിയാക്കും.

എല്ലാ വിഭാഗം ജനങ്ങളുമായും പൊതുപ്രവർത്തകരുമായും കൂടിയാലോചിച്ച് തിരൂരങ്ങാടിയിലെ വികസനം ഉറപ്പുവരുത്തുന്നതിന് ചെയർപേഴ്‌സൺ സ്ഥാനം ഉപയോഗപ്പെടുത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}