കോട്ടക്കൽ: ആരോഗ്യ സർവകലാശാലയുടെ ആയുർവേദ മേഖലയിലെ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം കോട്ടക്കൽ വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജിലെ പ്രൊഫസറും സംഹിതാവിഭാഗം മേധാവിയുമായ ഡോ. എം വി വിനോദ് കുമാറിന്. ഇരുപത്തൊന്നു വർഷമായി കോട്ടക്കൽ ആയുർവേദ കോളേജിൽ അധ്യാപകനാണ് വിനോദ് കുമാർ. പി എച് ഡിയുടെ ഭാഗമായി ആയുർവേദ പഠനരീതികളിൽ നവീനമാതൃകകൾ വികസിപ്പിച്ചു. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുഖപത്രമായ ആപ്തയുടെ ചീഫ് എഡിറ്റർ, അഞ്ചു ഗ്രന്ഥങ്ങളുടെ രചയിതാവ്. നാഷണൽ കൌൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിന്റെ സിലബസ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. ഈഴവത്തിരുത്തി ആയുർവേദ ഡിസ്‌പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസർ ആയ ഡോ. പി ജി ബീന ഭാര്യയും, അരവിന്ദ്, പ്രദ്യോത് എന്നിവർ മക്കളുമാണ്. കാസർഗോഡ് ജില്ലയിലെ മാണിയാട്ട് സ്വദേശിയും ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ അധ്യാപികയായിരുന്ന എം വി രാധ എന്നിവരാണ് മാതാപിതാക്കൾ.
ശനിയാഴ്ച നടന്ന ആരോഗ്യസർവകലാശാല സ്ഥാപകദിനാഘോഷവേളയിൽ വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ അവാർഡ് സമർപ്പിച്ചു. കോളേജിനുള്ള അനുമോദനം പ്രിൻസിപ്പൽ ഡോ. കെ കെ ബിന്ദു ഏറ്റുവാങ്ങി. ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആയിരുന്ന ഡോ. കെ മോഹൻദാസിന്റെ പേരിലുള്ള പ്രഥമ സ്മാരക പ്രഭാഷണം മുൻ വൈസ് ചാൻസിലർ ഡോ. എം കെ സി നായർ നിർവഹിച്ചു. വിവിധ വൈദ്യശാസ്ത്രരംഗങ്ങളിൽ നിന്നായി ഏഴ് അധ്യാപകർ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.