കൊണ്ടോട്ടി: മണ്ഡലത്തിൽ 1000 കോടിയുടെ വികസനപ്രവൃത്തികൾ നടപ്പാക്കിയതായി ടി.വി. ഇബ്രാഹിം എം.എൽ.എ. പറഞ്ഞു. കുടിവെള്ളവിതരണം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലങ്ങൾ തുടങ്ങി വിവിധ മേഖലകളിലായാണ് ഇത്രയും രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയത്.
ബജറ്റ് തുക, ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയ്ക്കുപുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കോടികളുടെ വികസനപദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാനായതായും പറഞ്ഞു.
40 കോടിയോളം ചെലവഴിച്ചുള്ള താലൂക്ക് ആശുപത്രി നവീകരണം അവസാനഘട്ടത്തിലാണ്. പോളി ഡെന്റൽ യൂണിറ്റ് സ്ഥാപിക്കുകയും അതിനുള്ള ഡോക്ടർ തസ്തിക ലഭിക്കുകയുംചെയ്തു. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം നവീകരിക്കാനും ലിഫ്റ്റ് ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്താനും 121 കോടി അനുവദിച്ചു.
പുതിയ കെട്ടിടത്തിലേക്ക് ഉപകരണങ്ങളും ഫർണിച്ചറും വാങ്ങുന്നതിന് എട്ടുകോടി രൂപയും ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ആറ് പുതിയ മെഷീനുകൾ വാങ്ങാൻ മെഡിക്കൽ കോർപറേഷൻ അഞ്ചുലക്ഷം രൂപയും അനുവദിച്ചു.