പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യയുടെ 63-ാം വാർഷിക 61-ാം സനദ് ദാനസമ്മേളനവും മജ്‌ലിസുന്നൂർ വാർഷികസംഗമവും ഞായറാഴ്ച സമാപിക്കും. 585 യുവപണ്ഡിതർ സനദ് സ്വീകരിക്കും. കേരളത്തിലെ ഇസ്‌ലാമിക പ്രബോധനപ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅ നൂരിയ്യയിൽനിന്ന് ആറു പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 9996 ആവുകയാണ്.
മൂന്നു ദിവസമായി പി.എം.എസ്.എ. പൂക്കോയ തങ്ങൾ നഗരിയിൽ നടക്കുന്ന സമ്മേളനത്തിന്റെ സമാപനം തെലുങ്കാന ന്യൂനപക്ഷമന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനംചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തും. സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകും.
അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.ടി. അബ്ദുല്ല മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, മൗലാനാ മൂസക്കുട്ടി ഹസ്രത്ത്, ഡോ. അബ്ദുസ്സമദ് സമദാനി എംപി, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രസംഗിക്കും.
രാത്രി ഒൻപതിന് മജ്‌ലിസുന്നൂർ സംസ്ഥാന സംഗമത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉദ്‌ബോധനം നടത്തും.
രാവിലെ 9.30-ന് മഹല്ല് നേതൃസംഗമം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്യും. സലാം ഫൈസി ഒളവട്ടൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ ക്ലാസെടുക്കും.
ഉച്ചയ്ക്കുശേഷം രണ്ടാം സെഷൻ അബ്ദുൽ ഖാദർ മുസ്‌ലിയാർ പൈങ്കണ്ണിയൂർ ഉദ്ഘാടനംചെയ്യും. 10 മണിക്ക് എം.ഇ.എ എൻജിനിയറിങ് കോളേജിൽ നടക്കുന്ന രക്ഷാകർത്തൃമീറ്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.
11-ന് സനദ് വാങ്ങുന്ന പണ്ഡിതൻമാർക്കുള്ള സ്ഥാനവസ്ത്ര വിതരണവും 11.30-ന് ഓസ്‌ഫോജ്‌ന ഭാരവാഹി മീറ്റും നടക്കും.
ഉച്ചയ്ക്ക് രണ്ടിന് അറബിക് ഭാഷാ സമ്മേളനം, 4.30-ന് മൗലീദ് എന്നിവയുണ്ടാവും.
ഇന്ന് ഗതാഗതനിയന്ത്രണം
മേലാറ്റൂർ : പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപനസമ്മേളനം നടക്കുന്നതിനാൽ ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്നുമുതൽ പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
പാണ്ടിക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലാറ്റൂർ-കാര്യവട്ടം-മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്കു പോകണം. പെരിന്തൽമണ്ണയിൽനിന്ന് പാണ്ടിക്കാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം-ഓരാടംപാലം-വലമ്പൂർ-പട്ടിക്കാട് വഴി പാണ്ടിക്കാട്ടേക്കു തിരിഞ്ഞുപോകണം.
അലനല്ലൂർ ഭാഗത്തുനിന്ന് വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കു വരുന്ന വാഹനങ്ങളും കാര്യവട്ടം മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്കു തിരിച്ചുപോകണം.