പാട്ടു പാടി നന്മ വിളമ്പി എളമ്പുലാശ്ശേരി സ്കൂൾ കുട്ടികൾ; കത്ത് പാട്ട് വിരുന്നിലൂടെ പാലിയേറ്റീവ് കെയറിന് കൈത്താങ്ങ്

തേഞ്ഞിപ്പലം: സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകളെ നന്മയുടെ പാതയിലേക്ക് വഴിതിരിച്ചു വിട്ട് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. താളത്തിൽ പാടിക്കൊണ്ട് വിവിധ നാടൻ വിഭവങ്ങൾ ഒന്നിച്ച് കഴിക്കുന്ന 'കത്ത് പാട്ട്' എന്ന വിനോദത്തെ, പാലിയേറ്റീവ് കെയർ രോഗികളെ സഹായിക്കാനുള്ള ധനസമാഹരണ മാർഗ്ഗമാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കർ.

സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന കുട്ടികൾ പാട്ടിന്റെ ഈണത്തിനൊത്ത് വിഭവങ്ങൾ പങ്കുവെച്ച് കഴിക്കുകയും, അതിലൂടെ സമാഹരിച്ച തുക നാട്ടിലെ കിടപ്പിലായ രോഗികളുടെ ചികിത്സാ സഹായത്തിനായി കൈമാറുകയും ചെയ്തു. പുതുതലമുറയിലെ വിനോദങ്ങളെ സാമൂഹിക സേവനത്തിനായി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായി ഈ 'രുചിമേളം' മാറി.
സഹജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വളർത്തുക, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുക, കുട്ടികളുടെ സർഗ്ഗാത്മകതയെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്. വേറിട്ട പരിപാടിയിലൂടെ കുട്ടികൾ ശേഖരിച്ച 9520 രൂപ തേഞ്ഞിപ്പലത്തെ മൂന്ന് പാലിയേറ്റീവ് കെയറുകൾക്ക് വീതിച്ച് നൽകി.സ്കൂൾ പി ടി എ യുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് കത്ത് പാട്ട് സംഘടിപ്പിച്ചത്.
സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ പരിപാടി ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ ജയശ്രീ,പി ടി എ പ്രസിഡന്റ് ടി മുസ്തഫ, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, എം ഇ ദിലീപ്,എം അഖിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}