മലപ്പുറം: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനവുമായി മഅദിൻ അക്കാദമി ഗ്രാൻഡ് അസംബ്ലി നടത്തി.
ആയിരക്കണക്കിന് വിദ്യാർഥികൾ അണിനിരന്ന് ഇന്ത്യൻ ഭരണഘടനയുടെ കരുത്തും സൗന്ദര്യവും വിളിച്ചോതുന്ന സർഗാത്മക ദൃശ്യാവിഷ്കാരങ്ങളുമുണ്ടായിരുന്നു.
ഭരണഘടനയുടെ മുഖചിത്രം പ്ലക്കാർഡുകളിലൂടെ മനോഹരമായി പുനരാവിഷ്കരിച്ച വിദ്യാർഥികളുടെ പ്രകടനം അസംബ്ലിയിലെ പ്രധാന ആകർഷണമായി. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അസംബ്ലിയിൽ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗ്രാൻഡ് സെല്യൂട്ട്, സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും വിവിധ വിങ്ങുകളുടെയും മാർച്ച് പാസ്റ്റ് എന്നിവയുമുണ്ടായിരുന്നു.