മലപ്പുറം : കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റാനും സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പരിശീലിപ്പിക്കാനും കേരള പോലീസ് ആവിഷ്‌കരിച്ച 'ഡി-ഡാഡ്' പദ്ധതി ജില്ലയിൽ തുടങ്ങി. എം.എസ്.പി. കമ്യൂണിറ്റി ഹാളിൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഉദ്ഘാടനംചെയ്തു. കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കൽ, വ്യാജ ഷോപ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടൽ തുടങ്ങിയവ കൗൺസലിങ്ങിലൂടെ മാറ്റിയെടുക്കലാണ് ഡി-ഡാഡിന്റെ ലക്ഷ്യം.
ദേശീയതലത്തിൽ ആദ്യമായി ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമായി നടപ്പാക്കുന്നത് കേരളത്തിലാണ്. കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുള്ള കുട്ടികൾക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കും. സ്‌കൂളുകൾ മുഖാന്തരം ഡിജിറ്റൽ അടിമത്തത്തിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ക്ലാസുകളെ കൂടാതെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ടുള്ള കൗൺസലിങ്ങും നടത്തും.
സഹായത്തിനായി 9497900200 നമ്പറിലൂടെ ഡി-ഡാഡിൽ ബന്ധപ്പെടാം. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് വി.എ. കൃഷ്ണദാസ് അധ്യക്ഷനായി.
ഡിവൈ.എസ്.പി. എസ്. അഷദ്, ഡെപ്യൂട്ടി ഡി.എം.ഒ. വി. ഫിറോസ് ഖാൻ, ഡി.ഡി.ഇ. പി.വി. റഫീഖ്, ഡി-ഡാഡ് കോഡിനേറ്റർ ആശപ്രിയ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി റുബീന, പോലീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷബീറലി, നോഡൽ ഓഫീസർമാരായ ടി.ടി. ഹനീഫ, സി.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.