കോട്ടക്കൽ: സാന്ത്വന ചികിത്സാ രംഗത്ത് മാതൃകയാകുകയാണ് കോട്ടക്കൽ ഫാറൂഖ് ആർട്സ് & സയൻസ് കോളേജ്. കോളേജിലെ വിദ്യാർത്ഥികളും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് സമാഹരിച്ച ഫണ്ട് ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് വിഭാഗത്തിന് കൈമാറി.
കോളേജ് പ്രിൻസിപ്പാൾ എം. അബ്‌ദുൽ അസീസ്, ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവ് ഡിവിഷൻ ചെയർമാൻ പി.കെ. അബ്ദുൽ മജീദിന് തുക കൈമാറി.
വിപുലമായ രീതിയിലാണ് ഫണ്ട് ശേഖരണം നടത്തിയത്. വിദ്യാർത്ഥികൾ മുഖേന രക്ഷിതാക്കളിൽ നിന്ന് സമാഹരിച്ച തുകയ്ക്ക് പുറമെ, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ വീടുകൾ കയറിയും ഫണ്ട് ശേഖരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുഹൈൽ കെ.പി., വളണ്ടിയർമാരായ ഷിഫിൻ പി., നാസിഹ് എം., ജിഫാൻ, സഹീദ്, നികിത, സഫ്‌ല കെ.പി., അജ്മൽ, ശ്രേയ പി.സി. എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ഹോപ്പ് ഫൗണ്ടേഷൻ പ്രതിനിധികളായ മൊയ്തുട്ടി ഹാജി, ഷാഹുൽ ഹമീദ് എം.കെ, പാലിയേറ്റീവ് ഡിവിഷൻ സെക്രട്ടറി സി.കെ. മുഹമ്മദ് അലി മാസ്റ്റർ എന്നിവർ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സഹജീവി സ്നേഹവും സേവനമനോഭാവവും വളർത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.