വേങ്ങര: മങ്കട ഉപജില്ലയിൽ നിന്നും പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം ലഭിച്ചു പറപ്പൂർ ചോലക്കുണ്ട് ജി. യു. പി സ്‌കൂളിലെത്തിയ അധ്യാപകനെ ഈ സ്കൂളിൽ നിന്നും സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടു ചോലക്കുണ്ട് ജി.യു.പി സ്കൂൾ പി. ടി. എ സമിതി രംഗത്ത്. ജോലിയിൽ പ്രവേശിച്ചതു മുതൽ അധ്യാപകനെക്കുറിച്ച് രക്ഷിതാക്കൾക്ക് പരാതിയാണെന്ന് പി. ടി. എ ഭാരവാഹികൾ പറയുന്നു. അധ്യാപകനെ മാറ്റിത്തരണമെന്നും അല്ലെങ്കിൽ കുട്ടികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റിച്ചേർക്കുമെന്നു രക്ഷിതാക്കളും പറയുന്നു. കുട്ടികളോട് അകാരണമായി ദേഷ്യപ്പെടുക, സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുക, പാഠപുസ്തകവുമായോ സിലബസുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുക, രക്ഷിതാക്കളുമായി ആശയ വിനിമയം നടത്താതിരിക്കുക, തുടങ്ങിയ പരാതികളാണ് രക്ഷിതാക്കൾ ഉന്നയിക്കുന്നത്. രക്ഷിതാക്കളുടെ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പി.ടി.എ യോഗം ചേരുകയും ഈ അധ്യാപകനെ സ്കൂളിൽ നിന്ന് മാറ്റി നിയമിക്കാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് പി. ടി. എ ഭാരവാഹികൾ പരാതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നു അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അതേ സമയം, ഓഫീസിലെ ജീവനക്കാരുടെ പരിമിതി കാരണമാണ് നടപടി വൈകുന്നതെന്നും ഒരാഴ്ചക്കക്കം പ്രസ്തുത അദ്ധ്യാപകനു പറപ്പൂർ ചോലക്കുണ്ട് ജി. യു. പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം നൽകി പ്രശ്നം പരിഹരിക്കുമെന്നും ജില്ല വിദ്യാഭ്യാസ ഡയറക്ടർ കെ. പി റഫീഖ് മാധ്യമത്തോട് പറഞ്ഞു.
ചോലക്കുണ്ട് സ്കൂളിലെ അധ്യാപകനെ മാറ്റണമെന്ന് പി. ടി. എ
admin