പാണക്കാട്: കേരളത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ശബ്ദമായി മാറുന്ന സജി ചെറിയാൻ മന്ത്രിസ്ഥാനത്തിരിക്കാൻ അർഹത നഷ്ടപ്പെട്ട വ്യക്തിയാണെന്ന് സമസ്ത പൈതൃക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളീയരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് അദ്ദേഹം മാപ്പ് പറയണം. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പ്രമേയം അവതരിപ്പിച്ചത്.
സമസ്തയുടെ കേന്ദ്ര മുശാവറ നേതാക്കളും പോഷകഘടകങ്ങളുടെ നേതാക്കളും ഒരുമിച്ചുകൂടിയ സമ്മേളനത്തിന്റെ ആമുഖമായി പാണക്കാട് മഖാമിലെ കൂട്ടസിയാറത്തും മൗലിദ്, മജ്‌ലിസുന്നൂർ സദസ്സും നടന്നു. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
എം.കെ. മൊയ്തീൻകുട്ടി മുസ്‍ലിയാർ കോട്ടുമല പതാക ഉയർത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സിദ്ദിഖ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ്, അബ്ദുസമദ് പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ത്വാഖ അഹ്മദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.