വേങ്ങര: തിരഞ്ഞെടുപ്പുസമയത്ത് നൽകിയ വാഗ്‌ദാനം നിറവേറ്റാൻ സ്ഥാനാർഥിയോടൊപ്പം നാട്ടുകാർ ഒന്നിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുസമയത്ത് വേങ്ങര ഗ്രാമപ്പഞ്ചായത്ത് 24-ാം വാർഡ് കൂരിയാടുനിന്ന് മത്സരിച്ച ഡിവൈഎഫ്‌ഐ നേതാവ് അണ്ടിശ്ശേരി സനൽകുമാറാണ് വാക്കുപാലിക്കാൻ മുന്നിട്ടിറങ്ങിയത്. ലൈഫ് പദ്ധതിയിലടക്കം ഉൾപ്പെടാതിരുന്ന മടപ്പള്ളി നാസറും ഭാര്യയും നാലു മക്കളും കുടുംബവീട്ടിൽ തിങ്ങിഞെരുങ്ങിയാണ് താമസിക്കുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട സനൽകുമാർ വാർഡിൽനിന്നു തോറ്റാലും ജയിച്ചാലും കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന് വാക്കുനൽകി. ഫലം വന്നപ്പോൾ സനൽകുമാർ കോൺഗ്രസ് സ്ഥാനാർഥി ചന്ദ്രമോഹനനോട് 189 വോട്ടിന് പരാജയപ്പെട്ടു.
പരാജയപ്പെട്ടെങ്കിലും വാക്കുപാലിക്കാൻ സനൽകുമാർ മുന്നിട്ടിറങ്ങിയതോടെ നാട്ടുകാരും ഒരുകൈ സഹായിക്കാൻ ഒപ്പംകൂടി. കഴിഞ്ഞദിവസം നാസറിന്റെ വീടിന്റെ കട്ടിളവെപ്പ് കർമത്തിന് പനമ്പുഴക്കൽ കുഞ്ഞോൻ തങ്ങൾ കാർമികത്വംവഹിച്ചു.
വാർഡംഗം ചന്ദ്രമോഹൻ, ജീവകാരുണ്യപ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കൽ, ചെള്ളി അബ്ദുൽകലാം, ഇ. മുഹമ്മദലി, പി.പി. ഷാഹുൽ, കെ.പി. സുന്ദരൻ, പി.കെ. റിയാസലി, ശങ്കരൻ വെട്ടൻ, കെ.എം. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. നാട്ടുകാരും കുടുംബാംഗങ്ങളും പങ്കാളികളായി.