ഊരകം: ഊരകം കീഴുമുറി കുറ്റാളൂർ ജി.എൽ.പി.എസിൽ സംഘടിപ്പിച്ച 'ട്വിങ്കിൾ ടോക്ക്' ഇംഗ്ലീഷ് ഫെസ്റ്റ് 2026 ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ഭാഷാ നൈപുണ്യവും വിളിച്ചോതുന്ന 605 ഇംഗ്ലീഷ് കൈയെഴുത്ത് മാഗസിനുകളുടെ പ്രകാശനമാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായത്.
ചൊവ്വാഴ്ച സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ, വാർഡ് മെമ്പർ ഹാരിസ് വേരേങ്ങൽ, സ്കൂൾ പ്രധാന അധ്യാപകൻ സുലൈമാൻ യു എന്നിവർ പങ്കെടുത്തു. 605 മാഗസിനുകൾ ഒരുമിച്ച് പുറത്തിറക്കുക എന്ന വലിയ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അതിനു പിന്തുണ നൽകിയ അധ്യാപകരെയും അവർ അഭിനന്ദിച്ചു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ വലിയ ഊർജ്ജം നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഫെസ്റ്റിന്റെ ഭാഗമായി ഡയറ്റ് സീനിയർ ലക്ചറർ നിഷ പാന്താവൂർ വിദഗ്ദ്ധ ക്ലാസ്സ് (Expert talk) നയിച്ചു. ഇംഗ്ലീഷ് അസംബ്ലി, ഓൺ ദി സ്പോട്ട് മത്സരങ്ങൾ, ട്വിങ്കിൾ ടോക്ക് എക്സിബിഷൻ, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും ഇംഗ്ലീഷ് ഫെസ്റ്റിന് മാറ്റുകൂട്ടി.