വേങ്ങര: ഗാന്ധിയൻ മൂല്യങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ നടത്തുന്ന 'ഗാന്ധിദർശൻ സന്ദേശ പദയാത്ര' തുടരുന്നു. പദയാത്രയുടെ ഭാഗമായി നടന്ന പൊറ്റമ്മൽമാട് - കൊല്ലംചിന മേഖലാ ജാഥ ചുള്ളിയാലപ്പുറായ കോളനി പരിസരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.പി. കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റനും പത്താം വാർഡ് മെമ്പറുമായ പ്രസന്ന നന്ദകുമാറിന് പതാക കൈമാറിക്കൊണ്ടാണ് പദയാത്രയ്ക്ക് തുടക്കം കുറിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ പൊറ്റമ്മൽമാട്ടിൽ സമാപിച്ചു.
ചടങ്ങിൽ കെ.എം. പ്രദീപ് കുമാർ, ചെമ്പൻ മുഹമ്മദ് ഹനീഫ, പി. മുഹമ്മദലി ഹാജി, കെ.കെ. അബ്ദുറഹ്മാൻ, എ.പി. ബീരാൻകുട്ടി, വി.പി. ദിനേഷ്, എ.പി. സുരേന്ദ്രൻ, ബാബു ചുള്ളിയാലപ്പുറം, സി.വി. ഉണ്ണി തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പദയാത്ര തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.