കേരളം വിറച്ച വിസ്മയ കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ട്, ജാമ്യത്തിൽ കഴിയുന്ന 34 വയസ്സുള്ള കിരൺ കുമാറിനെതിരെ വീട് കയറി ആക്രമണം. ശാസ്താംകോട്ട പോരുവഴിയിലെ വീട്ടിലെത്തിയ നാലംഗ സംഘം കിരണിനെ ക്രൂരമായി മർദ്ദിക്കുകയും, മൊബൈൽ ഫോൺ കവരുകയും ചെയ്‌തു. സംഭവത്തിൽ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു..
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ശാസ്തതാംനടയിലെ കിരണിന്റെ വീടിന് മുന്നിലൂടെ പോയ 4 യുവാക്കൾ വിസ്മയ കേസിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രകോപനപരമായി സംസാരിക്കുക ആയിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും, കിരണിനെ വെല്ലുവിളിക്കുകയും ചെയ്തതോടെയാണ് കിരൺ പുറത്തേക്ക് വന്നത്. തുടർന്ന് നടന്ന വാക്പോര് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. കിരണിനെ അടിച്ചു താഴെയിട്ട സംഘം മർദ്ദനം തുടരുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തു..
ആക്രമണത്തിൽ പരിക്കേറ്റ കിരൺ പോലീസിൽ പരാതി നൽകി. ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ കിരൺ കുമാറിനെതിരെ മുൻപും ഇത്തരത്തിൽ പ്രകോപനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാർ ആരോപിക്കുന്നു. ബൈക്കുകളിലെത്തുന്ന സംഘങ്ങൾ വീടിന് മുന്നിലെത്തി വെല്ലുവിളിക്കുന്നത് പതിവാണെന്നാണ് കിരണിൻ്റെ മൊഴി.. എന്നാൽ, ഇപ്പോഴത്തെ ആക്രമണം വിസ്മയ കേസുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് പോലീസ് കരുതുന്നില്ല. വ്യക്തിപരമായ തർക്കങ്ങളോ മറ്റ് കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്നും ശൂരനാട് പോലീസ് അന്വേഷിക്കുന്നുണ്ട്.
2021 ജൂൺ 21ന് സ്ത്രീധന കേസിനെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കിയത്. കേരളം ഒരുപോലെ വിതുമ്പിയ ഈ കേസിൽ മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺ കുമാറിന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച കിരൺ 2025 ജൂലൈയിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്..