വേങ്ങര ജി എം വി എച്ച് എസ് സ്‌കൂളിലെ വെള്ളക്കെട്ട്: അഴുക്കുചാലിന്റെ പണി തുടങ്ങി

വേങ്ങര: ചാത്തംകുളം പാടത്ത് സ്ഥിതിചെയ്യുന്ന വേങ്ങര ഗവ. മോഡൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അഴുക്കുചാലിന്റെ പണി ആരംഭിച്ചു.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു ചുറ്റുമാണ് വെള്ളക്കെട്ട് പ്രതിസന്ധിയാകുന്നത്.

കെട്ടിടം പണി കഴിഞ്ഞതിനുശേഷമുള്ള മഴക്കാലത്ത്‌ തുടങ്ങിയതാണ് വെള്ളക്കെട്ട് ദുരിതം. ശൗചാലയത്തിന്റെ ടാങ്കുകൾ നിറഞ്ഞൊഴുകുന്നതിനാൽ ഇവ വിദ്യാർഥികൾക്ക് ഉപയോഗിക്കാനാകാത്ത സാഹചര്യമാണ്. ‌വെള്ളക്കെട്ടിലേക്ക് ശൗചാലയത്തിന്റെ ടാങ്കിൽനിന്നൊഴുകിവരുന്ന അഴുക്കുവെള്ളം കലരുന്നതിനാൽ രോഗങ്ങൾ പകരാൻ സാധ്യതയുണ്ടെന്നതും ആശങ്കയായിരുന്നു. ഇതൊഴിവാക്കാൻ അന്നത്തെ ജില്ലാപഞ്ചായത്തംഗം പുളിക്കൽ സമീറ പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും ജില്ലാ പഞ്ചായത്ത് അഴുക്കുചാൽ നിർമാണത്തിനായി ഭരണാനുമതി നൽകുകയും ചെയ്തിരുന്നു.

പണി തുടങ്ങാൻ വൈകിയതോടെ പ്രിൻസിപ്പൽ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കെതിരേ ബാലാവകാശ കമ്മിഷനിൻ പരാതി നൽകുകയും കമ്മിഷൻ ഇടപെട്ട് പണി ഉടൻ തീർക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ അക്കാലത്ത് ഇവിടെ വെള്ളക്കെട്ടായതിനാൽ പണി തുടങ്ങാനായിരുന്നില്ല.

രണ്ടു ഘട്ടങ്ങളായാണ് അഴുക്കുചാലിന്റെ നിർമാണം. ആദ്യഘട്ടത്തിൽ 54 മീറ്റർ അഴുക്കുചാലാണ് നിർമിക്കുക. ഇതിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ പണിയാണ് നിലവിൽ തുടങ്ങിയത്.

അടുത്ത ഘട്ടം 50 മീറ്ററാണ്. ഇതിനും 15 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർമാണത്തിനുള്ള ടെൻഡറായിട്ടുണ്ടെന്നും പണി ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

അഴുക്കുചാലിന്റെ പണി പൂർത്തിയാകുന്നതോടെ സ്‌കൂളിനു ചുറ്റും മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളം ഒലിച്ച് അരീക്കുളം ചാലിലൂടെ അരീക്കുളം കുളത്തിലെത്തിച്ചേരും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}